മാനസ വല്ലരിയിലക്ഷര കണികകളേന്തി മാർഗം കാണിച്ചവർ. 'ഗുരുവന്ദനം-2025' ഹൃദ്യമായി

 

കല്ലടിക്കോട് :'ഒന്നിച്ചിരിക്കാം ഓർമകൾക്കൊപ്പം'കരിമ്പ ഗവ:ഹയർസക്കന്ററി സ്കൂൾ ഒരു വർഷം നീണ്ട സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി,തുടക്കം മുതൽ സ്കൂളിൽ സേവനമനുഷ്ഠിച്ച അധ്യാപക-അനധ്യാപകരുടെ സംഗമം 'ഗുരുവന്ദനം-2025' നടത്തി.സ്കൂൾ അങ്കണത്തിൽ നടത്തിയ സമാഗമം ഗുരു -ശിഷ്യ സ്നേഹബന്ധത്തിന്റെ വൈവിധ്യമാർന്ന നേർക്കാഴ്ചകൾ വിരുന്നൊരുക്കുന്നതായി.വിവിധ കാലഘട്ടങ്ങളിൽ കരിമ്പയിൽ സേവനമനുഷ്‌ഠിച്ചവർ പരിപാടിയിൽ എത്തിച്ചേർന്നു. സമൂഹത്തിന്റെ ശുദ്ധീകരണത്തിൽ എന്നും വലിയ പങ്കുവഹിക്കാൻ കഴിയുന്നവരാണ് അധ്യാപകർ.മുമ്പുള്ള ഗുരുക്കന്മാര്‍ എല്ലാവരും ഞങ്ങൾക്ക് വഴികാട്ടികളായിരുന്നു.സിലബസിലുള്ളതും അല്ലാത്തതുമായ അവർ പഠിപ്പിച്ച പാഠങ്ങളും ജീവിത മൂല്യങ്ങളും അന്നും ഇന്നും എന്നും ഹൃദയത്തിനു പ്രകാശമാണ്.ശമ്പളം കൃത്യമായി വാങ്ങുക എന്നതില്‍ കവിഞ്ഞ് അധ്യാപകവൃത്തിയിൽ മറ്റു ധാർമിക ചുമതലകള്‍ കൂടി വഹിച്ച്, തൊഴിലിനോടും ദൗത്യത്തോടും ആത്മാർത്ഥത കാണിച്ചവർ,അവരായിരുന്നു ഞങ്ങൾക്ക് അധ്യാപകർ എന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. അര നൂറ്റാണ്ടിനിടെ പലപ്പോഴായി സ്കൂളിന്റെ പടിയിറങ്ങിപോയർ ഒത്തുചേർന്നത് നവ്യാനുഭവമായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ ഗുരുവന്ദനം ഉദ്ഘാടനം ചെയ്തു.പൂർവ അധ്യാപകരെ ആദരിച്ചു.പിടിഎ പ്രസിഡണ്ട് കെ.രാധാകൃഷ്ണൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ബിനോയ് എം.ജോൺ പ്രധാനധ്യാപകൻ എം.ജമീർ,ഒ എസ് എ പ്രസിഡന്റ് യൂസുഫ് പാലക്കൽ,തുടങ്ങിയവർ സംസാരിച്ചു.പൂർവ അധ്യാപകരായ സിസിലി,സുന്ദരൻ, ഗോപാലകൃഷ്ണൻ, രാജേന്ദ്രൻ,ലീലാമ്മ,രാജൻ,ഷറഫുദ്ധീൻ,മജീദ്, ശാന്തി,മാലിനി,ഗോപകുമാർ,ശാന്തി,തങ്കം,സരസ്വതി,അനിൽ,തുടങ്ങിയവർ അധ്യാപന അനുഭവങ്ങൾ പങ്കിട്ടു.ഗാനാലാപനവും കവിതാലാപനവും നടത്തി.

Post a Comment

أحدث أقدم