സാക്ഷരത പ്രവർത്തക പത്മശ്രീ കെ.വി.റാബിയ വിട വാങ്ങി

 

റാബിയ എന്ന വാക്കിനർത്ഥം വസന്തം എന്നാണ്.അക്ഷരത്തിന്റെയും അറിവിന്റെയും പ്രിയ തോഴി കെ വി റാബിയ യാത്രയായിരിക്കുന്നു.       

സാക്ഷരതാപ്രവർത്തനത്തിൻ്റെ ഈ വസന്തം മായുന്നില്ല.ശാരീരിക വൈകല്യങ്ങൾ ദൈവനിശ്ചയമാണെന്നും ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടാൻ പ്രതിസന്ധികൾ കാരണമല്ലെന്നും തെളിയിച്ച മഹിള യായിരുന്നു പത്മശ്രീ കെ.വി റാബിയ.വിജ്ഞാനത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശവും അത് സമൂഹത്തിന് പകർന്നു നൽകണമെന്ന ബോധ്യവും മരണം വരെ അവരെ കർമധീരയാക്കി.വർഷങ്ങൾക്ക് മുമ്പ്,സാക്ഷരത പ്രസ്ഥാനം തുടങ്ങിയ കാലത്ത് തന്നെ,ഏറനാട്ടിൽ ആയിരക്കണക്കിന് വൃദ്ധർക്കുൾപ്പെടെ അക്ഷരം പകർന്നു നൽകി വിസ്മയങ്ങൾ സൃഷ്‌ടിച്ച അവരെ പത്മശ്രീ ഉൾപ്പടെ അനേകം ആദരവുകൾ തേടിയെത്തി.പതിനായിരങ്ങൾക്ക് അവർ പകർന്നു നൽകിയ ആത്മവിശ്വാസം കണക്കിലെടുത്ത് ഫ്രണ്ട്‌സ്ക്രിയേഷൻസിന്റെ പുരസ്ക്കാരം നൽകുന്നതിനാണ് വർഷങ്ങൾക്ക് മുമ്പ് ഞാൻ ഉബൈദ് എടവണ്ണയോടൊപ്പം അവരുടെ വസതിയിൽ എത്തുന്നത്.കേരളത്തിലെ സാക്ഷരതാ പ്രവർത്തനത്തിന് മുഖകാന്തി നൽകിയ, ഭിന്നശേഷിയേ മറികടന്ന് സമൂഹ്യ പ്രവർത്തനത്തിന് പുതിയ ദിശ നൽകിയ, റാബിയക്ക് കിട്ടിയ അംഗീകാരങ്ങളായിരുന്നു വീട് നിറയെ കാണാൻ കഴിഞ്ഞത്.'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്' എന്ന തൻ്റെ ആത്മകഥയും,'മൗന നോമ്പരങ്ങൾ'എന്ന അനുഭവകുറിപ്പുകളും വായിക്കേണ്ടവ തന്നെയാണ്.പൊതുപ്രവർത്തനം നടത്തുന്നതും പുസ്തകങ്ങളെയും അക്ഷരങ്ങളെയും ചേർത്തുപിടിച്ച് വായനാലോകം തീർക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും റാബിയയുടെ ശീലമായിരുന്നു.പത്മശ്രീ എന്ന ഉന്നതമായ ബഹുമതി രാജ്യം നൽകി ആദരിക്കപ്പെട്ട ശേഷം പല പ്രമുഖരും അവരെ തേടി വീട്ടിലെത്തി.റാബിയ നടത്തിവന്ന സ്ത്രീകൾക്കായുള്ള വ്യത്യസ്ത പഠന,തൊഴിൽ പ്രവർത്തനങ്ങളും അക്ഷര പ്രകാശവും ഒരു വസന്തമായി ജ്വലിച്ചു നിൽക്കും

Post a Comment

أحدث أقدم