മണ്ണാർക്കാട്: 2025 വർഷത്തെ ഹജ്ജ് യാത്രക്ക് സ്വകാര്യ ഗ്രൂപ്പുകൾ വഴി പണമടച്ച് യാത്രക്കൊരുങ്ങിയ ഹാജിമാരിൽ 80 ശതമാനം പേരുടെയും യാത്ര അനിശ്ചിതത്വത്തിലായ സാഹചര്യം ഗൗരവമായി കാണണമെന്നും ഭാവിയിൽ ഇതാവർത്തിക്കാതിരിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പാലക്കാട് ജില്ലാ സമിതി മണ്ണാർക്കാട്ട് സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പ് അഭിപ്രായപ്പെട്ടു.കുറ്റകൃത്യങ്ങളോടുള്ള സമീപനങ്ങളിൽ പോലും വിവേചനം കാണിക്കുന്ന സമകാലിക കേരളസമൂഹത്തിന് ഹജ്ജിൽ വലിയ പാഠമുണ്ട്.അധികാരവും സമ്പത്തും അനുസരിച്ച് അപ്രമാദിത്വം നൽകുന്ന സമീപനങ്ങൾക്കെതിരെ ശക്തമായ സന്ദേശമാണ് ഹജ്ജ് നൽകുന്നത്.അനേകായിരങ്ങൾ ഹജ്ജിന് അവസരം ലഭിക്കാതെ പ്രയാസപ്പെടുമ്പോഴും എല്ലാ സൗകര്യങ്ങളും വന്നുഭവിച്ച വിശ്വാസികൾ അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നും മനസും ശരീരവും അതിനായി ക്രമപ്പെടുത്തണമെന്നും ക്യാമ്പ് ഓർമ്മിപ്പിച്ചു.ഹജ്ജ് തീർത്ഥാടന സമയത്തെ വിമാനക്കമ്പനികളുടെ സാമ്പത്തികക്കൊള്ളക്കെതിരെ നിയമ നിർമ്മാണം നടത്താൻ ക്യാമ്പ് അധികാരികളോട് ആവശ്യപ്പെട്ടു.സർക്കാർ പൊതു മേഖലയിലെ വിമാനത്താവളങ്ങളിൽ നിന്ന് യാത്രക്ക് സൗജന്യ നിരക്ക് ഏർപ്പെടുത്തുന്നതിന് പകരം സ്വകാര്യ കമ്പനികളെയും കവച്ച് വെക്കുന്ന വിധം യാത്രാക്കൂലി വർധിപ്പിക്കുന്നത് അനീതിയാണ് എന്നും ക്യാമ്പ് കൂട്ടിച്ചേർത്തു. ഹജ്ജ് ക്യാമ്പ് ലജ്നത്തുൽ ബഹുസിൽ ഇസ്‌ലാമിയ്യ പണ്ഡിതസഭ ചെയർമാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു.വിസ്‌ഡം ജില്ലാ പ്രസിഡന്റ് പി.ഹംസക്കുട്ടി സലഫി അധ്യക്ഷത വഹിച്ചു.വിസ്‌ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് 'ഹജ്ജ്; തൗഹീദിന്റെ വിളംബരം' , ജാമിഅഃ അൽ ഹിന്ദ് ലേഡീസ് ക്യാമ്പസ് പ്രിൻസിപ്പൽ മുഹമ്മദ് ഷബീബ് സ്വലാഹി 'മദീന സന്ദർശനം', വിസ്‌ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.അബ്ദുൽ മാലിക് 'ആരോഗ്യം ഹാജിമാർ ശ്രദ്ധിക്കേണ്ടത്' എന്നീ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു.അബ്ദുൽ ഹമീദ് ഇരിങ്ങൽതൊടി, വി.ഷൗക്കത്തലി അൻസാരി,കെ.അർഷദ് സ്വലാഹി,ഒ.മുഹമ്മദ് അൻവർ മിശ്ക്കാത്തി എന്നിവർ പ്രസംഗിച്ചു. ഹാജിമാർക്ക് ഹജ്ജ് കിറ്റ് വിതരണം ചെയ്തു.
إرسال تعليق