പുസ്തകങ്ങളുടെ പൂന്തോപ്പിൽ നിന്നും ഒരു മഞ്ഞുതുള്ളി. ബിന്ദു.എസ്.നായർ എഴുതിയ കവിത സമാഹാരം 'മലമുകളിലെ മഞ്ഞുതുള്ളികൾ'

 

'വൻ മരങ്ങളൊക്കെയും ബോൺസായ് മരങ്ങളായ് കാവുകളൊക്കെയും പാർക്കുകൾ മാത്രമായ് പാടങ്ങളെല്ലാം ഫ്ലാറ്റുകളാക്കിതോടും കുളങ്ങളും വഴികളായ് മാറ്റി' 'മലമുകളിലെ മഞ്ഞുതുള്ളികൾ' എന്ന ബിന്ദു.എസ്.നായർ എഴുതിയ കവിത പുസ്തകം ശ്രദ്ധേയമാകുന്നത് മണ്ണിനെയും മനുഷ്യനെയും കേന്ദ്രീകരിക്കുന്ന വിഷയങ്ങളെ തൊട്ടാണ്. 'വെൺമേഘങ്ങൾ' എന്നതാണ് ഈ സമാഹാരത്തിലെ ആദ്യ കവിത.ഹരിതാഭമായ ഒരു പ്രകൃതിയെ ഈകവിതയിൽ അനുഭവിച്ചറിയാൻ കഴിയും.'പ്രളയം' പൊട്ടിച്ചിതറിയ കവിതയാണ്.39 കാവ്യരചനകൾ കോർത്ത മുത്തുമണിയാണ് 'മലമുകളിലെ മഞ്ഞുതുള്ളികൾ'.       ജീവിതത്തിരക്കിലും നന്മയെ സ്നേഹിക്കുന്നവളുടെ കവിത.എഴുത്തിന്റെ ആഴങ്ങളിലേക്കും ആനന്ദത്തിലേക്കും ഇറങ്ങി മനുഷ്യ ഹൃദയത്തിൽ സ്പന്ദനം ഉണ്ടാക്കുക എന്നല്ലാതെ എഴുത്തിന് മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലാത്ത കുടുംബിനി.പ്രാക്തന ഗോത്ര വിഭാഗങ്ങൾ താമസിക്കുന്ന,നിത്യ ഹരിത മലനിരകളാൽ സമൃദ്ധമായ അട്ടപ്പാടിയിലാണ് ഈ എഴുത്തുകാരി താമസിക്കുന്നത്. കാടും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ നേർക്കാഴ്‌ച തന്നെയാണ് അട്ടപ്പാടി.കോവിഡ് കാലഘട്ടത്തിൽ ലോകം അടച്ചുമൂടപ്പെട്ട വിരസ വേളകളിലാണ് എഴുത്തിന്റെ വഴികളിൽ ബിന്ദു.എസ്.നായർ സജീവമാകുന്നത്. സമൂഹമാധ്യമങ്ങളുടെ സ്വാധീനം അവരുടെ കവി മനസ്സിനും പ്രചോദനമായി.താൻ നേരിട്ടതും അനുഭവിച്ചതും അതിലുപരി കണ്ടു പരിചയം ഉള്ളതുമായ പലതും എഴുത്തിനെ സ്വാധീനിച്ചതായി ബിന്ദു പറയുന്നു.സർഗതുളസി' ഉൾപ്പടെ ഒട്ടേറെ സാഹിത്യ ഗ്രൂപ്പുകളിൽ അംഗമാണ്.എഴുത്തും വായനയും യാത്രയുമാണ് ഇഷ്ടങ്ങൾ.ജ്ഞാനപീഠ പുരസ്കാര ജേതാവ് മഹാകവി അക്കിത്തത്തിന്റെ നൂറാം ജന്മദിനത്തിൽ സാംസ്കാരിക തലസ്ഥാനത്ത് സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ 50 രചയിതാക്കളുടെ പുസ്തകങ്ങളുടെ കൂട്ടത്തിലാണ് ബിന്ദുവിന്റെ പുസ്തകവും പ്രകാശിതമായത്.കഥകളും കവിതകളും ലേഖനങ്ങളുമായി സാധാരണക്കാരുടെ ഹൃദയ വിചാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന 'അക്ഷര കേരളം പബ്ലിക്കേഷൻസ്' ആണ് ബിന്ദുവിന്റെ ആദ്യ പുസ്തകവും സഹൃദയ സമക്ഷം സമർപ്പിച്ചത്.'കൂട്ടിലടച്ചൊരു കിളിയായ് മാറരുതീ മണ്ണിൽ നീ വാനിലുയർന്നുപറക്കാം പട്ടങ്ങൾപ്പോലെ' എഴുത്തിന്റെ പവിത്രഭാവമാണ് കവിത.നല്ല രചനകൾ പറത്താൻ ബിന്ദുവിന് ഇനിയും കഴിയട്ടെ എന്ന് ആശിക്കാം.

Post a Comment

أحدث أقدم