കരിമ്പ: ഭാഷ അധ്യാപകനും,സാമൂഹ്യ പ്രവർത്തകനുമായിരുന്ന കെ.എം.ഇബ്രാഹിം മാസ്റ്ററുടെ നിര്യാണത്തിൽ കരിമ്പ സെന്ററിൽ അനുസ്മരണ യോഗം ചേർന്നു.കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രൻ മാസ്റ്റർ അനുശോചനയോഗം ഉദ്ഘാടനം ചെയ്തു.ഇസ്ലാമിക പ്രസ്ഥാന രംഗത്തും സാംസ്കാരിക വൈജ്ഞാനിക മേഖലയിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഇബ്രാഹിം മാസ്റ്റർ. സൗമ്യതയും ഹൃദ്യമായ പെരുമാറ്റവുമായിരുന്നുഅദ്ദേഹത്തിന്റെ മുഖമുദ്ര.എന്നാൽ നിലപാടുകൾ അദ്ദേഹത്തെ വ്യത്യസ്തനാക്കി. ഉർദു ഭാഷാ അധ്യാപകനായ ഇബ്രാഹിം മാസ്റ്റർ പാഠപുസ്തകത്തിനപ്പുറത്ത് വിശാലമായ ഭാഷ പരിജ്ഞാനവും സമുദായ സ്നേഹവും ഉൽപതിഷ്ണു ചിന്തയും ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനം പ്രാദേശികമായി ശക്തിപ്പെടുത്താൻ സഹായകമായി.ധാരാളം ശിഷ്യ ഗണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നതായി പ്രസംഗകർ അനുസ്മരിച്ചു.ജമാഅത്തെ ഇസ്‌ലാമി പാലക്കാട് ജില്ലാ സമിതിയംഗമായിരുന്നു. മണ്ണാർക്കാട് ഏരിയാ ഓർഗനൈസറും പുലാപ്പറ്റ ഹൽഖ നാസിമുമായിരുന്നു. മണ്ണാർക്കാട് ഇർശാദ് സ്ഥാപനത്തിൽ ജീവിതത്തിലെ നല്ലൊരു പങ്കും ചെലവഴിച്ചിട്ടുണ്ട്. ഇംഗ്ലീഷ്,അറബി,ഉർദു,മലയാളം,തമിഴ്,ഹിന്ദി ഭാഷകൾ ഇബ്രാഹിം മാസ്റ്റർ അനായാസം കൈകാര്യം ചെയ്തിരുന്നു. ദീർഘകാലം കരിമ്പ പള്ളിപ്പടിയിലാണ് ഇബ്രാഹിം മാസ്റ്ററും,കുടുംബവും താമസിച്ചിരുന്നത്.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് കളത്തിൽ ഫാറൂഖ്, സിപിഐ എൽ സി സെക്രട്ടറി രാധാകൃഷ്ണൻ,യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അസ്‌ലം,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം എസ്.നാസർ,ബാങ്ക് പ്രസിഡന്റ് യൂസഫ് പാലക്കൽ,പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, ലസ്കാ വായനശാലയുടെ പ്രതിനിധി സുധീർ മാഷ്,ഷാജഹാൻ കരിമ്പ, ഇബ്രാഹിം മാഷിന്റെ മകൻ ഷാഹിദ് അസ്‌ലം തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു
Post a Comment