പുതിയ അധ്യയന വർഷത്തിൽ നല്ലശീലം പദ്ധതി പ്രവർത്തനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

 

നല്ല ശീലം വളരട്ടെ

-ജയരാജൻ നന്ദനം കല്ലടിക്കോട്

(റിട്ട.പ്രിൻസിപ്പൽ)

ഒരു അധ്യയന വർഷം കൂടി ആരംഭിക്കുകയാണ്.വളരുന്ന തലമുറയെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന പല വാർത്തകളും കേട്ട് അവസാനിച്ചതാണ് കഴിഞ്ഞ വർഷം. പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തുന്ന വിദ്യാർത്ഥി,സഹപാഠിയെ തലക്കടിച്ച് കൊന്ന് സഹപാഠികൾ,സ്വന്തം പ്രണയിനിയെയും കുടുംബാംഗങളെയും അതിക്രൂരമായി വധിക്കുന്ന ചെറുപ്പക്കാരൻ,ഇടിമുറികളിലെ ക്രൂരതകൾ,കോളേജ് ഹോസ്റ്റലുകളിലെ ലഹരി വില്പന തുടങ്ങി ഭീകരമായ പല വാർത്തകളും നാം കേൾക്കാനിടയായി. എന്താണ് നമ്മുടെ യുവത്വത്തിന് സംഭവിക്കുന്നത് ?വരും തലമുറ നാശത്തിന്റെ വക്കിലേക്കോ ?മൂക്കത്ത് വിരൽ വെച്ചു പോകുന്ന സംഭവങ്ങൾ. ഇതെല്ലാം വളരെ ഗൗരവത്തോടെ നോക്കി കാണാൻ ഭരണകർത്താക്കളും ശ്രമിച്ചിട്ടുണ്ടാകും.അതിന്റെയെല്ലാം ഫലമാണ്, കുട്ടികൾക്ക് റിലാക്‌സേഷൻ ടെക്നിക്സ് കൂടി പരിശീലിപ്പിച്ച് ലഹരിയാഭിമുഖ്യം കുറക്കണം എന്ന ആശയം.അതിനായും സൂംബാ ഡാൻസ് കൂടി കുട്ടികളെ പരിശീലിപ്പിക്കുമത്രെ.നീന്തൽ പഠനവും പാഠ്യപദ്ധതിയിലിടം നേടും.കൂടാതെ സ്കൂൾ തുറക്കാറായപ്പോഴെക്കും, ഇത്തരം അനുഭവങ്ങൾ കൂടി ചർച്ച ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാകണം, കുട്ടികൾക്ക് ആദ്യ രണ്ടാഴ്ച നല്ല ശീലംക്ലാസ്സുകൾ നല്കണമെന്ന നിർദേശം.

   അറിവിനൊപ്പം തിരിച്ചറിവുകൾ കൂടി കുട്ടികൾ സ്വായത്തമാക്കേണ്ടതുണ്ട്. കൂട്ടുകുടുംബ സമ്പ്രദായത്തിലും പുരാതന ജീവിത രീതിയിലുമെല്ലാം കുറെയൊക്കെ നല്ലശീലം രൂപപ്പെടുത്തുന്നതിനുള്ള രീതികളുണ്ടായിരുന്നു.മുതിർന്നവരെയും ഗുരുക്കന്മാരെയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത് അതിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു. കാരണം അവർ അനുഭവഞ്ജാനമുള്ളവരാണ് എന്നതുകൊണ്ടാണ്.എന്നാൽ അതിന്ന് ഏറെക്കുറെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

   ലഹരി വർജ്ജനം,പരസ്ഥിതി സ്നേഹം, വ്യക്തിശുചിത്വം,പൊതു നിയമങ്ങൾ അനുസരിക്കൽ തുടങ്ങിയ കാര്യങ്ങളും അത്യാവശ്യഘടകങളായി കുട്ടികളിൽ വളർന്നു വരേണ്ടതുണ്ട്.ആദ്യത്തെ വിദ്യാലയം എന്ന നിലക്ക് വീടുകളിൽ നിന്ന് തന്നെയാണ് ഇത്തരം ശീലങ്ങൾ കുട്ടികൾ ആർജ്ജിക്കേണ്ടത്.വളരെ മാതൃകാപരമായ ഗൃഹാന്തരീക്ഷം അത്യാവശ്യമാണ്.അതിനായി ആവശ്യമെങ്കിൽ രക്ഷിതാക്കൾക്ക് ബോധവത്കരണത്തിന് വേണ്ട പ്രവർത്തനങ്ങൾ ഒരുക്കണം.പ്രൈമറി തലങ്ങളിൽ സ്കൂളിലെത്തപ്പെടുന്ന കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നതോടൊപ്പം തന്നെ ശീലിപ്പിച്ചെടുക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾക്ക് രൂപം നല്കണം.

പുതു തലമുറയെ ഗ്രസിച്ച് നാശത്തിലേക്ക് തള്ളിവിടുന്ന ഒരു ഭീഷണിയായി ഇന്ന് ലഹരി ഉപയോഗം മാറിയിട്ടുണ്ട്.വളർന്നുവരുന്ന,അറിവില്ലാ പ്രായത്തിൽ തന്നെ കുട്ടികളെ ലഹരി നുണയിപ്പിക്കുകയും പതുക്കെ അവരെ അതിലേക്ക് അടുപ്പിക്കുകയും പിന്നീട് അകലാൻ പറ്റാത്ത വിധം കെണിയിലകപ്പെടുത്തുകയുമാണ് ഇവർ ചെയ്യുന്നത്.മദ്യലഹരിയിൽ നിന്നെല്ലാം മാറി ഇന്ന് സ്വയം നശിച്ചു പോകുന്ന രാസലഹരി വസ്തുകളാണ് പുതിയ ആകർഷണം.കുട്ടികളെ ആകൃഷ്ടരാക്കുന്നതിന് സെലിബ്രിറ്റികളെ വരെ ഇതിന്റെ പ്രചാരകരായി ഉപയോഗപ്പെടുത്തുന്നു. രാസലഹരിക്കടിമപ്പെടുന്നവരാകട്ടെ, സ്വയം ആരോഗ്യം നശിച്ച് അകാലത്തിൽ തന്നെ ജീവിതം നഷ്ടപ്പെടുന്നതോടൊപ്പം, ഒരു ബോധവുമില്ലാതെ എന്ത് ക്രൂരതയും ചെയ്യാൻ ,ഉറ്റവരെപ്പോലും നിർദ്ദാക്ഷീണ്യം വകവരുത്തുവാൻ പോലും മടിയില്ലാത്തവരായി മാറുന്നു.അടുത്ത കാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പല അറും കൊലകൾക്കും, ക്രൂരതകൾക്കും അടിസ്ഥാന കാരണം രാസലഹരിയുടെ ഉപയോഗമാണെന്ന് കണ്ടെത്താൻ കഴിയും. അതുകൊണ്ട് തന്നെ ഈ മാരകമായ ലഹരി ഉപയോഗത്തിനെതിരെ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കൊപ്പം നിന്നുകൊണ്ട് പ്രവർത്തിക്കാനുള്ള മനസ്സ് കുട്ടികളിൽ വളർത്തിക്കൊണ്ട് വരണം. റാഗിങിന് വിധേയമായി പല ജീവനുകളും നഷ്ടപ്പെട്ടിട്ടുണ്ട്.പല കോളേജ് കളിലും ഹോസ്റ്റലുകളിലും ഭീകരാന്തരീക്ഷം നിലനില്കുന്നുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ഇതിന്റെ ഭാഗമായ ക്രൂരതകൾ അനാവശ്യമാണെന്ന ബോധ്യത്തിലേക്ക് വരുംതലമുറ എത്തേണ്ടതുണ്ട്.കൗമാരപ്രായക്കാരിൽ കാണുന്ന മറ്റൊരു താത്പര്യമാണ് വാഹനങ്ങൾ പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതിനുള്ള കമ്പം. ഓടിക്കാൻ പഠിക്കുന്നതല്ല പ്രശ്നം.മറിച്ച് ഓടിക്കാനായാൽ പിന്നെ സകല റോഡ് നിയമങ്ങളെയും അവഗണിച്ച് മറ്റുള്ളവരുടെ മുൻപിൽ താൻ വലിയവനായി എന്ന് കാണിക്കുന്ന തരത്തിലാണ് ഓടിക്കുക.ഹെൽമറ്റ് ഉപയോഗിക്കില്ല.മൂന്നും നാലും പേരെ കയറ്റി,വേഗതക്ക് ഒരു നിയന്ത്രണവുമില്ലാതെ ഓടിച്ച് പോകുന്നത് കാണുമ്പോ കാണുന്നവർക്ക് പോലും പേടി തോന്നും.ഓരോ ദിവസവും എത്ര ജീവനുകളാണ് റോഡ് അത്യാഹിതങ്ങളിൽ പൊലിയുന്നത്.എന്നാലും പുതു തലമുറക്ക് ഇതൊരു ക്രേയിസ്സാണ്.ഒരു നിമിഷത്തെ അശ്രദ്ധ ഒരു ജീവിതം തന്നെ ഇല്ലാതാക്കും എന്ന തിരിച്ചറിവ് വളരുന്ന പ്രായത്തിൽ കുട്ടികൾക്കുണ്ടാവേണ്ടതുണ്ട്.

    ദിവസം ഒന്നോ രണ്ടോ മണിക്കൂറോ ആകെ ഒന്നോ രണ്ടോ ആഴ്ചയോ മാത്രം പരിശീലിപ്പിക്കേണ്ട ഒന്നല്ല 'നല്ല ശീലം' എന്നത്.ബാല്യ കൗമാരഘട്ടങ്ങളിലെല്ലാം വീടുകളിലും സ്കൂളിലും സമൂഹത്തിലും നിരന്തരമായി ലഭിക്കുന്ന ഇടപെടലുകളിലൂടെ ഓരോ കുട്ടിയിലും ഉണ്ടായി വരേണ്ട ഒന്നാണ്.അങ്ങനെ ശീലിപ്പിച്ചെടുക്കുന്ന ഒരു പുത തലമുറ വളർന്നു വരുമ്പോൾ നാമാഗ്രഹിക്കുന്ന തരത്തിലുള സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതു സമൂഹം സംജാതമാകും എന്ന് പ്രതീക്ഷിക്കാം.

Post a Comment

أحدث أقدم