പാലക്കാട് : സത്യവും അഹിംസയും ജീവിതത്തിൽ യഥാർത്ഥ സന്തോഷം ജനിപ്പിക്കുമെന്നും,നമ്മെ സംതൃപ്തിയിലേക്കും അനുകമ്പയിലേക്കും വിവേകത്തിലേക്കും നയിക്കുന്നവയെ സ്വീകരിക്കാനും, കോപത്തിലേക്കും അത്യാഗ്രഹത്തിലേക്കും അജ്ഞതയിലേക്കും നയിക്കുന്നവയെ നിരാകരിക്കാനുമാണ് ബുദ്ധൻ പറഞ്ഞതെന്ന് ബുദ്ധഭിക്ഷു മൈത്രി സനത്കുമാർ അഭിപ്രായപ്പെട്ടു.രാമശ്ശേരി ഗാന്ധി ആശ്രമത്തിൽ ബുദ്ധപൂർണ്ണിമയോടനുബന്ധിച്ച് സംഘടിപ്പിച്ച വിശ്വശാന്തി സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെയും ജാതിവിവേചനത്തിനെതിരെയും വെറുപ്പിനെതിരെയും മൃഗബലിക്കെതിരെയും നിലകൊണ്ട ആത്മീയ ആചാര്യനാണ് ബുദ്ധനെന്നും അദ്ദേഹം പറഞ്ഞു.മനുഷ്യനും പ്രകൃതിയും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാൽ പ്രകൃതിയെ സംരക്ഷിക്കാനും ബഹുമാനിക്കാനും കഴിയണമെന്നും മനസ്സിൻ്റെ ശുദ്ധീകരണത്തിലൂടെ ജീവിതത്തിൽ സന്തോഷവും സമാധാനവും നേടിയെടുക്കണമെന്നമെന്നും മുഖ്യപ്രഭാഷണം നടത്തിയ ധ്യാന ക്ഷേത്രം ശക്തിപീഠം ഫൗണ്ടേഷൻ ട്രസ്റ്റി മൈത്രേയ പറഞ്ഞു.
ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായ വിശ്വശാന്തി സംഗമത്തിൽ സർവ്വോദയ കേന്ദ്രം ജോയിൻ്റ് ഡയറക്ടർ ഉണ്ണിക്കുട്ടൻ മടച്ചിപ്പാടം, തപോവരിഷ്ഠാശ്രമം പ്രതിനിധി സുഭാഷ്. കെ, ഏകതാ പരിഷത് ജില്ലാ സെക്രട്ടറി അഖിലേഷ് കുമാർ.എം,
പച്ചപ്പ് കോർഡിനേറ്റർ ആഷിക്ക്,ഗാന്ധി ആശ്രമം വർക്കിംഗ് ഗ്രൂപ്പ് അംഗം എം.എം.കൃഷ്ണൻകുട്ടി, അന്ത്യോദയ പദ്ധതി ഫെല്ലോ ജാനകി.വി, സുനിത. ജി, പ്രസീത. കെ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
Post a Comment