ദാമ്പത്യ ജീവിതത്തിന് സുകൃതത്തോടെ തുടക്കം. ഡോ.ഐശ്വര്യയുടെ വിവാഹം മേഘക്ക് തുണയായി

 


പാലക്കാട്‌:വിവാഹ സുദിനത്തിൽ നിർധന യുവതിയുടെ വിവാഹം കൂടി നടത്തിക്കൊടുത്ത് മാതൃക കാണിച്ച ഈ നവ ദമ്പതികളും അവരുടെ കുടുംബവുമാണ് സമൂഹമാധ്യമത്തിൽ താരമാകുന്നത്.എറണാകുളം വൈപ്പിൻ സ്വദേശികളായ മണിക്കുട്ടൻ -ശാരി ദമ്പതികളുടെ മകൾ ഡോ. ഐശ്വര്യയുടെ വിവാഹം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ചു നടന്നു.ആലപ്പുഴ ചേർത്തല സ്വദേശിയും ലണ്ടനിലെ ഹോസ്പിറ്റലിൽ ഡെപ്യുട്ടി മാനേജരായി സേവനമനുഷ്ഠിക്കുന്ന ശംഭുവാണ് വരൻ. ഡോ.ഐശ്വര്യയുടെ താലികെട്ട് കഴിഞ്ഞയുടൻ എറണാകുളം ഫാക്റ്റ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന പരേതനായ മുരുകേഷിൻ്റേയും മഞ്ജുവിൻ്റേയും മകൾ മേഘയ്ക്ക് 5 പവൻ്റെ സ്വർണ്ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും വാങ്ങുന്നതിന് ആവശ്യമായ തുകയായ 4,50,000 രൂപ ഡോ.ഐശ്വര്യയും അമ്മ ശാരി ദേവരാജനും ചേർന്ന് കൈമാറുകയായിരുന്നു.മേഘയും അമ്മ മഞ്ജുവും ചേർന്ന് ചെക്ക് ഏറ്റുവാങ്ങി.ഈ നന്മക്ക് കൂടെ നിന്നത് ദയ ചാരിറ്റബിൾ ട്രസ്റ്റ്‌,ദയ മംഗല്യ ദീപം പദ്ധതിയുമായി പ്രവർത്തകരും.അനുമോദന ചടങ്ങിൽ ദയ ട്രസ്റ്റ് സ്ഥാപക ചെയർമാൻ ഇ ബി രമേഷ്,ദയ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ ശങ്കർ.ജി, ഷൈനി രമേഷ്,എം ജി ആന്റണി,ശശികുമാർ എസ് പിള്ള,കെ പി ഉണ്ണികൃഷ്ണൻ,കെ ആർ മുകുന്ദൻ,എൻ ദേവരാജ്, എം കുട്ടപ്പൻ, അബ്ദുൽസലാം, എന്നിവർ നവ ദമ്പതികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.മേഘ.എം നന്ദി പ്രകാശിപ്പിച്ചു.  മേഘയുടെ വിവാഹം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ആഗസ്ത് 17 ന് നടക്കും.ദയാ ചാരിറ്റബിൾ ട്രസ്റ്റിന്റെ,ദയ മംഗല്യ ദീപം പദ്ധതിയിലൂടെ 21ാ മത് വിവാഹിതയായ മണ്ണൂർ സ്വദേശിനി അശ്വതിയുടെ വിവാഹത്തെക്കുറിച്ചുള്ള കുറിപ്പ് ഫെയ്സ് ബുക്കിൽ പങ്കുവെച്ചത് കണ്ടിട്ടാണ്, ഡോ.ഐശ്വര്യയുടെ മാതാവ് ശാരി ദേവരാജന് ഈ നന്മയുള്ള പ്രവർത്തനത്തിന് പ്രചോദനമായത്. വിവാഹ പ്രായമായ തൻ്റെ പെൺകുട്ടിയെ വിവാഹം കഴിച്ചയയ്ക്കാൻ സമൂഹത്തിനു മുന്നിൽ കൈ നീട്ടേണ്ടി വരുന്ന നിർധനരും വിധവകളുമായ അമ്മമാരെ സഹായിക്കാനായി ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശി 2016 ൽ ആവിഷ്ക്കരിച്ച പദ്ധതിയാണ് ദയ മംഗല്യ ദീപം.5 പവൻ്റെ ആഭരണങ്ങളും വിവാഹ വസ്ത്രങ്ങളും ദയ നൽകും.ഇതിനോടകം 21 യുവതികളുടെ വിവാഹം ഈ പദ്ധതിയിലൂടെ ദയ നടത്തിക്കൊടുത്തു.തൻ്റെ മകളുടെ വിവാഹത്തോടനുബന്ധിച്ച് തികച്ചും മാതൃകാപരവും അനുകരണീയവുമായൊരു വലിയ നന്മ ചെയ്യാൻ മുന്നോട്ടു വന്ന നവ വധു ഐശ്വര്യയുടെ അമ്മ ശാരിയും കുടുംബവും അഭിനന്ദനം അർഹിക്കുന്നു.   മേഘയ്ക്ക് 3 വയസ്സുള്ളപ്പോൾ അച്ഛൻ മരണപ്പെട്ടതാണ്.ഒരു ജ്യേഷ്ഠനും അനിയത്തിയുമുണ്ട്. വീട്ടുജോലി ചെയ്തും കൂലിപ്പണിയെടുത്തുമാണ് അമ്മ മഞ്ജു ഇവരെ വളർത്തിയത്.സ്വന്തമായി വീടോ സ്ഥലമോ ഇല്ല. കഴിഞ്ഞ 10 വർഷത്തോളമായി ഫാക്റ്റ് ആലുവയിലെ കരാർ വിഭാഗം ശുചീകരണ തൊഴിലാളിയാണ് അമ്മ മഞ്ജു.കഴിഞ്ഞ 5 വർഷത്തോളമായി മേഘയുടെ ഏട്ടനും അനിയത്തിയും വിഷാദ രോഗബാധിതരാണ്. കുടുംബത്തിൻ്റെ ദൈന്യത മനസ്സിലാക്കി ഫാക്റ്റ് അധികൃതർ താത്ക്കാലികമായി അനുവദിച്ച ക്വാട്ടേഴ്സിലാണ് താമസം. മേഘ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുന്നുണ്ട്.നിരവധി വിവാഹാലോചനകൾ വന്നുവെങ്കിലും സഹോദരങ്ങളുടെ വിഷാദ രോഗവും സാമ്പത്തിക പരാധീനതകളും വിവാഹത്തിന് വിലങ്ങുതടിയായി.എല്ലാം മനസ്സിലാക്കിക്കൊണ്ട് കോട്ടയം പിറവം സ്വദേശിയായ അനൂപ് കഴിഞ്ഞ ആറുമാസം മുൻപ് തന്നെ മേഘയെ വിവാഹം കഴിക്കാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്.സാധ്യമായ എല്ലാ സഹായവുമായി ദയ കൂടെയുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഫോൺ: 7012913583.

Post a Comment

أحدث أقدم