ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകള്‍ക്ക് അവസരം ലഭിക്കുന്നില്ല: പ്രതിഷേധിച്ചും പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടും പ്രതിഷേധവുമായി അപേക്ഷകർ


 മണ്ണാര്‍ക്കാട്: ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകള്‍ക്ക് അവസരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചും പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടും അപേക്ഷകരും ഡ്രൈവിങ് ഓണേഴ്‌സ് ഭാരവാഹികളും ജോ. ആര്‍.ടി.ഒ. ഓഫീസിലെത്തി.വിദ്യാര്‍ഥികളും മുതിര്‍ന്നവരുമുള്‍പ്പെടെ നൂറുക്കണക്കിന് പേരാണ് തിങ്കളാഴ്ച പ്രതിഷേധവുമായി സിവില്‍സ്റ്റേഷനിലെ വാഹനവകുപ്പിന്റെ ഓഫീസിലെത്തിയത്.വിവരമറിഞ്ഞ് പോലീസുമെത്തി. ജോ.ആര്‍.ടി.ഒ.യുമായി പ്രശ്‌നം ചര്‍ച്ചചെയ്തു. തുടര്‍ന്ന് വാഹനവകുപ്പധികൃതര്‍ അപേക്ഷകരുമായി സംസാരിച്ചു. ശനിയാഴ്ചകള്‍ക്ക് പുറമെ, അനുമതിലഭിക്കുകയാണെങ്കില്‍ ബുധനാഴ്ചകൂടി ടെസ്റ്റുകള്‍ നടത്തി പ്രതിസന്ധിയ്ക്ക് പരിഹാരം കാണാമെന്നറിയിച്ചു.


കഴിഞ്ഞ ഫെബ്രുവരിമാസം 15 മുതലാണ് ഈ പ്രതിസന്ധി തുടങ്ങിയത്. 60 പേരുടെ ടെസ്റ്റുകളാണ് മണ്ണാര്‍ക്കാട് നടക്കുന്നത്. അതേസമയം ഓണ്‍ലൈനായി അപേക്ഷിക്കുന്നവരില്‍ 106 പേര്‍ക്ക് സ്ലോട്ട് ലഭിക്കുന്നുമുണ്ട്. 60 പേരുടെ ടെസ്റ്റ് നടക്കുന്നതോടെ 46 പേര്‍ പുറത്തുനില്‍ക്കുന്ന സാഹചര്യമാണ്. ഇവരുടെ ടെസ്റ്റ് ഏതുദിവസം നടക്കുമെന്നതിന് അറിയിപ്പുമില്ല. ഇത്തരത്തില്‍ നൂറുക്കണക്കിന് പേരാണ് ആശങ്കയിലുള്ളത്. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ അഭാവമമാണ് പ്രതിസന്ധിയ്ക്ക് ആക്കംകൂട്ടിയിരിക്കുന്നത്.

രണ്ട് എം.വി.ഐമാരുടെ തസ്തികയുള്ളതില്‍ ഒരാള്‍ ലീവിലാണ്. ഇതിനാല്‍ ഒരു ഉദ്യോഗസ്ഥന്റെ കീഴിലുള്ള 60പേരുടെ ടെസ്റ്റാണ് നടക്കുന്നത്. ലേണിങ് പരീക്ഷയുടെ കാലാവധി കഴിയുന്നതിന് മുന്‍പ് ടെസ്റ്റ് നടത്തണമെന്നാണ് അപേക്ഷകര്‍ പറയുന്നത്. ദൂരസ്ഥലങ്ങളില്‍ ജോലിചെയ്യുന്നവരും അപേക്ഷകരിലുണ്ട്. ടെസ്റ്റിന്റെ അനിശ്ചിതത്വംകാരണം ഇവര്‍ക്ക് ജോലിസ്ഥലത്തേക്ക് പെട്ടെന്ന് മടങ്ങാനുമാകുന്നില്ല. 

അടിയന്തിരമായി എം.വി.ഐയുടെ തസ്തിക നികത്തണമെന്നും ഇവര്‍പറയുന്നു. ഒരു ഉദ്യോഗസ്ഥന്റെ അഭാവവും പകരം ആളെ നിയമിക്കാത്തതും തിരഞ്ഞെടുപ്പ് തിരക്കുമാണ് പ്രതിസന്ധി വര്‍ധിപ്പിച്ചതെന്ന് ജോ. ആര്‍.ടി.ഒ. എന്‍.എ. മോറിസ് പറഞ്ഞു. ശനിയാഴ്ചകള്‍ക്ക് പുറമെ ബുധനാഴ്ചകൂടി ടെസ്റ്റ് നടത്തി പരിഹരിക്കാന്‍ ശ്രമിക്കും.


അതേസമയം ഉദ്യോഗസ്ഥരുടെ ഉറപ്പിൽ വിശ്വാസമില്ലെന്ന് ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് ഭാരവാഹികൾ പറഞ്ഞു. തൽക്കാലിക പ്രതിഷേധശമനത്തിനായി ഇത്തരത്തിൽ നിരവധി ഉറപ്പുകൾ പല തവണ നൽകിയെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല. ഇനിയും തത്സ്ഥിതി തുടരുകയാണെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ഭാരവാഹികളായ ഹരിപ്രസാദ്, ജംഷീർ എന്നിവർ പറഞ്ഞു.

Post a Comment

Previous Post Next Post