
എരുമേലി: മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്വന്തം സ്ഥലവും സൗകര്യവും ഇല്ലാത്തവർക്കും നിർധനർക്കും പ്രയോജനം നൽകാനുള്ള ലക്ഷ്യത്തോടെ 65 ലക്ഷം രൂപ ചെലവിട്ട് എരുമേലി പഞ്ചായത്ത് നിർമിച്ച എൽപിജി ശ്മശാനത്തിന്റെ പ്രവർത്തനം ആരംഭിക്കാനാകാതെ അധികൃതർ വിഷമവൃത്തത്തിൽ. പ്രവർത്തനം ആരംഭിക്കാൻ ഇനി വൈകിയാൽ വിഷയം നിയമസഭ അക്കൗണ്ട്സ് കമ്മിറ്റിയിൽ അറിയിക്കുമെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം മുന്നറിയിപ്പ് നൽകി. നിർമാണത്തിൽ സംഭവിച്ച ഗുരുതരമായ സാങ്കേതിക പിഴവാണ് പ്രശ്നമായത്. മൃതദേഹം സംസ്കരിച്ചാൽ ഫർണസും കെട്ടിടവും നിറഞ്ഞ് കടുത്ത പുക വ്യാപിക്കുമെന്നുള്ള നിലയിലാണ് ട്രയൽ റൺ നടന്നത്. ഇതോടെ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചില്ല.
നേർച്ചപ്പാറ വാർഡിൽ കമുകിൻകുഴിയിൽ 2019ലാണ് ശ്മശാനത്തിന്റെ നിർമാണം ആരംഭിച്ചത്. എന്നാൽ, നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് 2020 ഒക്ടോബർ 15ന് അന്നത്തെ പഞ്ചായത്ത് ഭരണസമിതി ഉദ്ഘാടനം നടത്തി. ഇതിന് ശേഷം മൂന്നു വർഷം കഴിഞ്ഞു 2023 ലാണ് നിർമാണം പൂർത്തിയായത്. ധനകാര്യ കമ്മീഷൻ ഗ്രാന്റ് അമ്പത് ലക്ഷവും തനത് ഫണ്ട് 20 ലക്ഷവും ഉൾപ്പടെ 70 ലക്ഷമായിരുന്നു ഫണ്ട്. ഇതിൽ 65 ലക്ഷം ചെലവിട്ട് സർക്കാർ അക്ക്രഡിറ്റഡ് ഏജൻസി കോസ്റ്റ് ഫോർഡ് ആണ് നിർമാണം നടത്തിയത്.
അതേസമയം ചൂള നിർമിച്ചത് ജ്വാല എന്ന ഏജൻസിയായിരുന്നു. ആറ് ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കുന്നതിനാണ് ഇവിടെ ഫർണസ് സംവിധാനമുള്ളത്. ഫർണസിന് ഒരു വർഷവും ഉപകരണങ്ങൾക്ക് രണ്ടു വർഷവും വാറന്റി കാലാവധി വേണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് ഏജൻസികളുമായി കരാർ ചെയ്തിട്ടില്ല. ഇതു മൂലം ഏജൻസികൾക്ക് ശ്മശാനം പ്രവർത്തിപ്പിച്ച് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം ഇല്ലെന്ന് പറയുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റി വിഷയം ചർച്ച ചെയ്യുകയും ട്രയൽ റൺ നടത്തി ശ്മശാനത്തിന്റെ പ്രവർത്തനം ആരംഭിക്കാൻ അസിസ്റ്റന്റ് എൻജിനിയറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ട്രയൽ റൺ നടത്തിയത്.
മൃതദേഹം കിട്ടാനുള്ള ബുദ്ധിമുട്ട് മൂലം പകരം ഡമ്മി ഉപയോഗിച്ചായിരുന്നു ട്രയൽ റൺ. ഫർണസ് നിറഞ്ഞ നിലയിൽ കടുത്ത പുക കെട്ടിടത്തിലുടനീളം ട്രയൽ റണ്ണിൽ വ്യാപിച്ചിരുന്നു. ഇതു സാങ്കേതിക തകരാർ മൂലമാണെന്ന് ബോധ്യപ്പെട്ടതോടെ ഏജൻസിയോട് ഇത് പരിഹരിക്കണമെന്ന് നിർദേശിച്ചിരുന്നു.
എന്നാൽ വിവിധ പരിശോധനകൾ നടത്തിയ ഏജൻസിക്ക് ഇതുവരെയും തകരാർ പരിഹരിക്കാനായിട്ടില്ല. എത്രയും വേഗം പ്ലാന്റിലെ തകരാർ പരിഹരിച്ച് ബൈലോ തയാറാ്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നും അല്ലാത്ത പക്ഷം നിയമസഭ അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശിപാർശ ചെയ്യുമെന്നും ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
إرسال تعليق