മണ്ണാർക്കാട്:ഉപയോഗശൂന്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ച ഇലക്ട്രിക് വാഹനത്തിന് പുതുജീവൻ നൽകി അട്ടപ്പാടി ഗവ. ഐ.ടി.ഐയിലെ വിദ്യാർത്ഥികൾ. അട്ടപ്പാടി സർക്കാർ ട്രൈബൽ ആശുപത്രിയിലെ ഒരു പഴയ ഇലക്ട്രിക് വാഹനമാണ് ഐ.ടി.ഐയിലെ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിലെ രണ്ടാം വർഷ വിദ്യാർഥികൾ വിജയകരമായി പുനർനിർമ്മിച്ചത്. നാലു പേർക്ക് സഞ്ചരിക്കാവുന്ന വാഹനമാണ്. വിദ്യാർഥികളുടെ പരിശീലനത്തിന്റെ ഭാഗമായുള്ള ഒരു പ്രോജക്ട് വർക്കിന്റെ ഭാഗമായാണ് വാഹനം പുനർ നിർമ്മിച്ചത്. വാഹനത്തിനുവേണ്ട ലിഥിയം അയേൺ ബാറ്ററി എറണാകുളം ആവിലിയോൺ ഇലക്ട്രിക് സ്കൂട്ടേഴ്സ് സൗജന്യമായി നൽകുകയായിരുന്നു. പുനർനിർമ്മിച്ച വാഹനം ഈ വർഷത്തെ ഐ.ടി.ഐ പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്ഥാപനത്തിന് സമർപ്പിക്കുകയായിരുന്നു.വിദ്യാർത്ഥികളിൽ സ്വയം സംരംഭകത്വം വളർത്തുന്നതിന്റെ ഭാഗമായി എം.എം.വി ഇൻസ്ട്രക്ടർ ജേക്കബ് ജെവിന്റെ നേതൃത്വത്തിൽ ലീപ് സ്റ്റാർട്ടപ്പ് ഇൻക്യുബേറ്ററിന് കീഴിൽ ഉത്പാദിപ്പിക്കുന്ന വട്ടലക്കി മില്ലറ്റ്സും ഭവാനി ചന്ദനത്തിരികളും അതിഥികൾക്ക് സമ്മാനമായി നൽകി. ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂർത്തി വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.പ്രിൻസിപ്പാൾ എൻ.ഹരികൃഷ്ണൻ അധ്യക്ഷനായ പരിപാടിയിൽ,എം.എം.വി.ട്രെയിനി വി.സഞ്ജീവ്,കെ.എ മുഹമ്മദ് ജാബിർ, പി.ടി.എ പ്രസിഡന്റ് മുരുകൻ,സ്റ്റാഫ് സെക്രട്ടറി കെ.കെ ശിവലിംഗം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Post a Comment