പെരിന്തൽമണ്ണ:ലഹരി വിൽപ്പനയ്ക്കും ഉപയോഗത്തിനും എതിരേ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ പൊന്ന്യാകുർശിയിലെ റിസോർട്ടിൽ നിന്ന് നാലുപേരെ പിടികൂടി.പരിശോധനയിൽ 3.25 ഗ്രാം എം.ഡി.എം.എ. ലഹരിമരുന്നും പിടിച്ചെടുത്തു.മണ്ണാർക്കാട് കോട്ടോപ്പാടം പൂച്ചപ്പാറ വീട്ടിൽ മുഹമ്മദ് ഷെബീർ (33), പെരിന്തൽമണ്ണ സ്വദേശികളായ പാതായ്ക്കര കോവിലകംപടി പുളിക്കൽ മുർഷിദ് (34), പൊന്ന്യാകുർശി കുന്നുമ്മൽ ഇബ്രാഹിം ബാദുഷ (30), കുന്നപ്പള്ളി വെട്ടിക്കാളി അജ്മൽ (31) എന്നിവരെയാണ് റിസോർട്ടിൽവെച്ച് എസ്.ഐ. ഷിജോ സി. തങ്കച്ചനും സംഘവും അറസ്റ്റു ചെയ്തത്.
ലഹരി ഉപയോഗത്തിനുള്ള ട്യൂബുകളും നിരവധി പ്ലാസ്റ്റിക് കവറുകളും പിടികൂടിയതായി പോലീസ് അറിയിച്ചു. ആവശ്യക്കാർ വിളിക്കുന്നതിന് അനുസരിച്ച് ടൗണിലോ പരിസരങ്ങളിലോ വെച്ച് പായ്ക്കറ്റുകൾ കൈമാറുകയാണ് സംഘം ചെയ്തിരുന്നതെന്നും വിൽപ്പനയ്ക്കു ശേഷം റിസോർട്ടിൽ മടങ്ങിയെത്തുകയുമായിരുന്നു രീതിയെന്നും പോലീസ് പറഞ്ഞു.
ജില്ലയിലെ ടൗണുകളിൽ ആഡംബര ഫ്ളാറ്റുകളും റിസോർട്ടുകളും കേന്ദ്രീകരിച്ച് ലഹരിവിൽപ്പനയും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി. കെ.കെ. സജീവിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ എസ്.എച്ച്.ഒ. ട്രെയിനി പി.ബി. കിരൺ, ഇൻസ്പെക്ടർ എം.എസ്. രാജീവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിലെ ഫ്ളാറ്റുകളും റിസോർട്ടുകളും കേന്ദ്രീകരിച്ച് പരിശോധന നടത്തുകയായിരുന്നു.

إرسال تعليق