ആലപ്പുഴ:മുതിർന്ന മാധ്യമ പ്രവര്‍ത്തകനും , സിനിമ പി ആര്‍ ഒ യുമായ പി.ആര്‍.സുമേരന്‍ സി പി ഐ യില്‍ ചേര്‍ന്നു.സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എം.കെ. ഉത്തമന്‍ പാര്‍ട്ടി പതാക സുമേരന് നല്‍കി സ്വീകരിച്ചു. സി പി ഐ യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സുമേരന്‍ പ്രതികരിച്ചു.ഏറെ രാഷ്ട്രീയ ബോധ്യത്തോടെ ജീവിച്ചുവന്ന താന്‍ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയിൽ അംഗത്വം സ്വീകരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.അരൂര്‍ ഈസ്റ്റ് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഡി.അനില്‍, സി പി ഐ തൈക്കാട്ടുശ്ശേരി എല്‍ സി സെക്രട്ടറി പി.എ. ഫൈസല്‍, എല്‍ സി അംഗം കെ.വിജയന്‍പിള്ള തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. കാൽനൂറ്റാണ്ടായി പത്രപ്രവര്‍ത്തനരംഗത്ത് പി.ആർ സുമേരൻ സജീവമാണ്.മാധ്യമം, തേജസ്,ജനയുഗം, തുടങ്ങിയ പത്രങ്ങളുടെ കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടറായും, സിറാജ് ദിനപത്രത്തില്‍ ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു.മംഗളം ദിനപത്രത്തില്‍ കന്യകയില്‍ സീനിയര്‍ സബ് എഡിറ്ററായിരുന്നു. കേരളാ കൗമുദി തിരുവനന്തപുരം യൂണിറ്റില്‍ ചലച്ചിത്ര പ്രസിദ്ധീകരണമായ ഫ്ളാഷ് മൂവീസില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു. ഇപ്പോള്‍ മലയാള ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ സിനിമ പി ആര്‍ ഒ യാണ്. മലയാളം, തമിഴ്,മറാത്തിതുടങ്ങിയ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളില്‍ പി ആര്‍ ഒ യായി പ്രവര്‍ത്തിച്ചുവരുന്നു. ചലച്ചിത്ര സാമൂഹിക-സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ അഞ്ഞൂറിലേറെ പ്രമുഖരുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വിവിധ ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് വേണ്ടിയും പ്രമുഖരുമായി അഭിമുഖ സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മുഖ്യധാര മാധ്യമങ്ങളില്‍ വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് ഒട്ടേറെ ലേഖനങ്ങളും ഫീച്ചറുകളും തയ്യാറാക്കിയിട്ടുണ്ട്. നിരവധി മാഗസിനുകളും പുസ്തകങ്ങളും എഡിറ്റ് ചെയ്തിട്ടുണ്ട്. ആകാശവാണിയിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പെരുമ്പളം, അരൂക്കുറ്റി, പാണാവള്ളി എന്നീ പഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിച്ച് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചിരുന്നു. പി ആര്‍ മീഡിയയുടെ ബാനറില്‍ ഒരുക്കിയ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ വികസന നേട്ടങ്ങള്‍ അഞ്ച് എപ്പിസോഡുകളിലായി റിലീസ് ചെയ്തിരുന്നു. സ്ക്കൂളുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പരസ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്.മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക പി ആര്‍ ഒ യൂണിയന്‍, എക്സിക്യൂട്ടീവ് അംഗവും ചലച്ചിത്ര പ്രവര്‍ത്തകരുെട സാംസ്ക്കാരിക സംഘടനയായ മാക്ടയുടെ ആക്റ്റീവ് മെമ്പറുമാണ് പി ആര്‍ സുമേരന്‍.

إرسال تعليق