ഒറ്റപ്പാലം: പെൺകുട്ടിയുടെ കുടുംബം വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ വീടുകൾക്കുനേരെ ആക്രമണം. അനങ്ങനടി പാവുക്കോണത്താണ് പെൺകുട്ടിയുടെയും ബന്ധുക്കളുടെയും വീടുകൾക്കുനേരെ ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നംഗ സംഘത്തെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു.തൃക്കടീരി ആറ്റാശ്ശേരി പടിഞ്ഞാറക്കര വീട്ടിൽ മുഹമ്മദ് ഫാസിൽ (20), കുറ്റിക്കോട് കോടിയിൽ വീട്ടിൽ മുഹമ്മദ് ഫവാസ് (21), വീരമംഗലം ചക്കാലക്കുന്നത്ത് വീട്ടിൽ മുഹമ്മദ് സാദിഖ് (20) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി എട്ടോടെയാണ് ആക്രമണം നടന്നത്.മകളെ വിവാഹംചെയ്തുനൽകാത്തതിന്റെ പേരിൽ പെൺകുട്ടിയുടെ വീട്ടിലും സമീപത്തെ അടുത്ത ബന്ധുവിന്റെ വീട്ടിലും കയറിയാണ് ആക്രമണം. ആയുധങ്ങളുമായെത്തിയ സംഘം വീടുകളിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും കമ്പിവടിയും സൈക്കിൾചെയിനുമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ബന്ധുവിനെ തടഞ്ഞുനിർത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തെന്നാണ് പരാതി. വീടിനു മുന്നിൽ നിർത്തിയിട്ട കാറിന്റെ ചില്ലുകൾ അടിച്ചുതകർത്ത് നാശനഷ്ടം വരുത്തിയതായും പരാതിയിൽ പറയുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Post a Comment