കടമ്പൂർ ശ്രീ പനയൂർക്കാവ് ഉത്സവാഘോഷ കമ്മിറ്റി ഓണ തിരുവോണത്തിന് പതിമൂന്നാം വർഷവും പാലട പ്രഥമൻ ഒരുക്കുന്നു. 2012 മുതലാണ് ഉത്സവാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലട പ്രഥമൻ ഒരുക്കാൻ തുടങ്ങിയത്. സമീപത്തെ പതിനഞ്ചോളം പാൽ സൊസൈറ്റികളിൽ ക്ഷീരകർഷകർ ഉത്രാടം ദിനം ഉച്ചക്ക് ശേഷം എത്തിച്ചുനൽകുന്ന 1000 ത്തിലധികം ലിറ്റർ പാൽ ശേഖരിച്ചാണ് ഇവിടെ പാലട പ്രഥമൻ ഒരുക്കുന്നത്. വിറകടുപ്പിൽ പുളി വിറക് കത്തിച്ചാണ് ഇപ്പോഴും ഇവിടെ പാലട തയ്യാറാക്കാറുള്ളത്. പാൽ സൊസൈറ്റിയിൽ നിന്ന് പാല് എത്തിയാൽ ഉടൻ ആദ്യമായി പാലിൽ പഞ്ചസാര ചേർത്ത് തിളപ്പിക്കും. തുടർന്ന് പാലട ഉണ്ടാക്കി തുടങ്ങും. കേരളത്തിലെ പ്രമുഖ അട നിർമ്മാണ കമ്പനികളിലൊന്നായ ഒറ്റപ്പാലത്തെ പ്രീസ ഫുഡ് പ്രൊഡക്ട്സിൻ്റെ അടയാണ് പന്ത്രണ്ട് വർഷമായി പാലട ഉണ്ടാക്കാൻ ഇവിടെ ഉപയോഗിക്കുന്നത്.പാലടകൾ പലതുണ്ടെങ്കിലും പനയൂർക്കാവിൽ വർഷത്തിലൊരിക്കൽ തിരുവോണത്തിന് ഒരുക്കുന്ന പാലടയുടെ മാധുര്യം ഒന്നു വേറെ തന്നെയാണെന്നാണ് വർഷം തോറും പാലട വാങ്ങുന്നവരുടെ ഏകാഭിപ്രായം. നാടൻ പാൽ, പഞ്ചസാര, അട എന്നിവ മാത്രം ഉപയോഗിച്ച് പാകം ചെയ്യുന്ന പാലട പ്രഥമന്റെ ഗുണമേന്മയിൽ ഓരോ വർഷവും ആവശ്യക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ആണ് ഉണ്ടാകുന്നത്. 2020 ൽ കോവിഡിൻ്റെ കാലത്ത് മാത്രമാണ് പാലട ഒരുക്കാതിരുന്നത്.ഓണവിപണിയിൽ 250 രൂപ വരെ പാലട പ്രഥമന് വിലയുണ്ടെങ്കിലും പനയൂർക്കാവിൽ തിരുവോണപാലടക്ക് 200 രൂപയെ വില ഈടാക്കുന്നുള്ളൂ. കഴിഞ്ഞവർഷം ഉത്രാടം ദിനം രാവിലെ തന്നെ മുൻകൂർ ബുക്കിങ്ങ് അവസാനിപ്പിക്കേണ്ടി വന്നു.തിരുവോണ ദിവസം രാവിലെ 4 മണിയാകുമ്പോഴേക്കും പാലട പ്രഥമൻ തയ്യാറാകും. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും, ജീവനക്കാരുടെയും കൂട്ടായ്മയിൽ, അവർ തന്നെ ഉറക്കമൊഴിച്ചാണ് ഇവിടെ പാലടയുണ്ടാക്കുന്നത്. പാലടയുണ്ടാക്കാനുള്ള പാത്രങ്ങൾ വളരെ വൃത്തിയായി നിരവധി തവണ കഴുകി, വീണ്ടും തിളച്ച വെള്ളം ഒഴിച്ച് വീണ്ടും കഴുകി പാൽ എത്തുന്നതു മുതൽ പായസം വിതരണം ചെയ്യുന്നത് വരെ, ഓരോ ഘട്ടത്തിലും ക്ഷേത്രം ഭാരവാഹികളും, ജീവനക്കാരും അതീവ ശ്രദ്ധയോടെയാണ് പാലട പ്രഥമൻ തയ്യാറാക്കൽ കൈകാര്യം ചെയ്യുന്നത്. തിരുവോണം ദിനം രാവിലെ 7 മണി മുതൽ ക്ഷേത്രത്തിൽ തൊഴുകുന്നതിനും, പാലട പ്രഥമൻ വാങ്ങുന്നതിനും ബുക്ക് ചെയ്തവർ ജില്ലക്കകത്തും, പുറത്തു നിന്നു പോലും എത്താറുണ്ട്. ക്ഷേത്രത്തിൽ മാതൃസമിതിയുടെ നേതൃത്വത്തിൽ മനോഹരമായ ഓണപൂക്കളവും, പരമ്പരാഗത രീതിയിൽ മാതേരും ഈ വർഷവും ഒരുക്കുന്നുണ്ട്.
Post a Comment