സർപ്പ വോളണ്ടിയർമാരുടെ പുതിയ ബാച്ചിന്റെ പരിശീലനം പൂർത്തിയായി

 

           ചിത്രം :നന്ദകുമാർ(തച്ചമ്പാറ)

പാലക്കാട്:പാമ്പുകടിയേറ്റുള്ള മരണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്ക് ജില്ലയെ എത്തിക്കാൻ സർപ്പ വോളണ്ടിയർമാർക്ക് സാധിക്കുമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു. വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ പാലക്കാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തിലുള്ള വനമഹോത്സവം 2025ന്റെ ഭാഗമായി സർപ്പ വോളണ്ടിയർമാരുടെ പുതിയ ബാച്ചിന്റെ പരിശീലന സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. പാമ്പുകടിയേറ്റാൽ എന്ത് ചെയ്യണം, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ അവബോധം നൽകാൻ സർപ്പ വോളണ്ടിയർമാർക്ക് കഴിയുമെന്ന് കളക്ടർ അഭിപ്രായപ്പെട്ടു.വനം വകുപ്പ് നടത്തിയ ഈ പരിശീലനം ശ്ലാഘനീയമാണെന്നും അവർ കൂട്ടിച്ചേർത്തു. ഓരോ ജനങ്ങളുടെയും പാമ്പുകളുടെയും സംരക്ഷണം ഉറപ്പുവരുത്തുകയെന്ന ഉത്തരവാദിത്വം സർപ്പ വോളണ്ടിയർമാർക്കുണ്ടെന്നും കളക്ടർ ഓർമ്മിപ്പിച്ചു. പരിശീലനം പൂർത്തിയാക്കിയ വോളണ്ടിയർമാർക്കുള്ള റെസ്ക്യൂ കിറ്റ് വിതരണവും ഇതോടൊപ്പം നടന്നു.

ഒലവക്കോട് ആരണ്യഭവൻ ശിശുവാണി ഹാളിൽ നടന്ന പരിപാടിയിൽ ഈസ്റ്റേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. വിജയാനന്ദൻ അധ്യക്ഷനായി.ജില്ലാ പൊലീസ് മേധാവി അജിത് കുമാർ മുഖ്യാതിഥിയായിരുന്നു. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രവികുമാർ മീണ മുഖ്യപ്രഭാഷണം നടത്തി. 

അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് രാജേഷ് കുമാർ, സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസർ സുമു സ്കറിയ, സി.പി അനീഷ്, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററും മിഷൻ സർപ്പ മോഡൽ ഓഫീസറുമായ വൈ മുഹമ്മദ് അൻവർ, പരിസ്ഥിതി പ്രവർത്തകയായ കുമാരി അനന്യ, മണ്ണാർക്കാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി ജിനേഷ്, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

أحدث أقدم