സംസ്ക്കാരിക പൊതു ജീവിതത്തിന്റെ അടിക്കല്ലുകളാണ് വിദ്യാഭ്യാസം. സ്‌കൂളുകൾ തുറക്കുമ്പോൾ..

-സമദ് കല്ലടിക്കോട്


രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിരിക്കുകയാണ്. പ്രവേശനോത്സവം പോലുള്ള പരിപാടികളെല്ലാം ചില ചിന്തകൾ നമ്മെ ഓർമപ്പെടുത്തുന്നുണ്ട്.അതിൽ ഏറ്റവും പ്രധാനം കുട്ടികൾ ഓരോ ഘട്ടത്തിലും എന്തു പഠിക്കണം എന്നതിനെക്കുറിച്ചാണ്. ജീവിതഗന്ധിയായ മൂല്യങ്ങൾ പകരാൻ നമ്മുടെ വിദ്യാലയങ്ങൾക്ക് കഴിയുന്നുണ്ടോ?ചുറ്റും നടക്കുന്ന അനേക വിഷയങ്ങളിൽ ജാഗ്രതയുള്ളവരാകാൻ വിദ്യാർഥികളെ സ്കൂൾ പഠനം പ്രേരിപ്പിക്കുന്നുണ്ടോ? വിദ്യാര്‍ഥികളുടെ മാനസികവും അക്കാദമികവും സാമൂഹികവുമായ അവസ്ഥ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.അതിലൊന്നാണ് മൂല്യനിരാസം. നിഷേധം മിക്ക കുട്ടികളുടെയും പോരായ്മയായി രക്ഷിതാക്കൾ പരിഭവം പറയുന്നു.ധാർമിക ദിശ പകരാൻ അധ്യാപക സമൂഹത്തിനു സാധിക്കുന്നുണ്ടോ.ഈ തലമുറയുടെ പഠനവിടവ് നികത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചവരാകാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ വകുപ്പുകൾക്ക് കഴിയണം. 

കൃത്യമായ സിലബസും സൂക്ഷ്മമായ നിര്‍ദേശങ്ങളും ഉള്ളതുകൊണ്ടുതന്നെ അതനുസരിച്ച് മുന്നോട്ടുപോകുന്നവരാകാൻ കഴിയേണ്ടതുണ്ട്.സിലബസ്-കരിക്കുലത്തില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ തന്നെ ദീര്‍ഘമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് അതുണ്ടാകാറുള്ളത്.കാലോചിതമായ അറിവു നൽകുന്നതാവണം സ്കൂൾ വിദ്യാഭ്യാസം.അതിനാല്‍ തന്നെ ബോധനരംഗത്തെ നവീന മാറ്റങ്ങളെ അതിന്റെ എല്ലാ സവിശേഷതയോടും കൂടി ഏറ്റെടുക്കാനും മാറ്റത്തെ അഭിസംബോധന ചെയ്യാനും കഴിയണം. ബോധന-മൂല്യനിര്‍ണയ-നൈപുണി വികാസ മേഖലകളില്‍ എന്നും മാറ്റങ്ങള്‍ ഉണ്ടാകുന്നത് അധ്യാപക-വിദ്യാര്‍ഥി സമൂഹം ക്രിയാത്മകമായി സ്വീകരിക്കും.വിദ്യാഭ്യാസകാലത്ത് ലഭിച്ചിരുന്ന പലതും ഈ കാലയളവില്‍ നേടാനായിട്ടുണ്ടോ എന്നും വിലയിരുത്തണം.പഠനമികവ് നേടാനും ആവശ്യമായ ശേഷികള്‍ കൈവരിക്കാനുമുള്ള അവസരമായി സ്കൂൾ ജീവിതം ഓരോ കുട്ടിക്കും ഉപയോഗപ്പെടുത്താൻ മതിയായ ആസൂത്രണം ഉണ്ടാവണം. ക്ലാസ്മുറികള്‍ക്കപ്പുറത്ത് പഠന-പാഠ്യേതര മേഖലയിലെ സര്‍ഗശേഷികള്‍ തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമുള്ള അവസരങ്ങള്‍ ഓരോ കുട്ടിക്കും ലഭിക്കണം.ചുരുക്കത്തിൽ ജീവിതത്തോടുള്ള ആഭിമുഖ്യമുള്ള വിദ്യ പകരാനും മികച്ച തൊഴിൽ നൽകാനും സർവ്വോപരി നാടിനും വീടിനും ഗുണകരമായി ഈ തലമുറയെ വാർത്തെടുക്കാനും ചില കൂട്ടായ ചിന്തകൾ ഇക്കാലത്ത് വളരെ അനിവാര്യമാണ്.അതിൽ ഏറ്റവും പ്രധാനം അറിവിനൊപ്പം തിരിച്ചറിവ് നൽകുക എന്നതാണ്.

Post a Comment

أحدث أقدم