പ്രകൃതി വിഭവങ്ങൾ ജനങ്ങളുടെതാണ്, സർക്കാർ ട്രസ്റ്റി മാത്രമാണ്.എലപ്പുള്ളി ബ്രൂവറി വിരുദ്ധ സമര പരിപാടിയിൽ അഡ്വ.ജോൺ ജോസഫ്

 

പാലക്കാട് :മണ്ണും ജലവും വായുവും കുളവും പുഴയും അടക്കമുള്ള പ്രകൃതി വിഭവങ്ങൾ ജനങ്ങളുടെതാണെന്നും സർക്കാർ ട്രസ്റ്റി മാത്രമാണെന്നും കോർപ്പറേറ്റ്കൾക്ക് തീറെഴുതി കൊടുക്കാൻ അധികാരമില്ലെന്നും ജനാധികാര ജനകീയ മുന്നേറ്റം സംസ്ഥാന ചീഫ് കോർഡിനേറ്റർ അഡ്വ. ജോൺ ജോസഫ് അഭിപ്രായപ്പെട്ടു.പ്രകൃതി വിഭവങ്ങളുടെ മേലുള്ള ജനങ്ങളുടെ അധികാരവും പഞ്ചായത്തീരാജ് നിയമവും എന്ന വിഷയത്തിൽ പഠനക്ലാസ്സ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എലപ്പുള്ളി ബ്രൂവറി വിരുദ്ധ സമര  ഐക്യദാർഢ്യ സമിതി സംസ്ഥാന ചെയർമാൻ അഡ്വ.പി.എ.പൗരൻ മോഡറേറ്ററായ പഠന ക്ലാസ്സിൽ രാമശ്ശേരി ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശ്ശേരി ശ്രീനിവാസൻ വിഷയാവതരണം നടത്തി. സജീഷ് കുത്തനൂർ, മോഹൻ കാട്ടാശ്ശേരി, പാണ്ടിയോട് പ്രഭാകരൻ, ആറുമുഖൻ പത്തിച്ചിറ,രഘു മാത്തൂർ, അശോക്.കെ.സി, ഉണ്ണികൃഷ്ണൻ.പി.പി, അനുപമ.ആർ, റ്റി.ആർ.ബാലസുബ്രഹ്മണ്യൻ, ജയശ്രീ രവി, എ.ഗോപിനാഥൻ, ശിവദാസൻ.ആർ, കെ. മായാണ്ടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.ഭരണഘടനാ ഭേദഗതിയിലൂടെ പ്രാബല്യത്തിൽ വന്ന പഞ്ചായത്തീരാജ് നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംവിധാനമാണ് ഗ്രാമസഭ.ലോകസഭയും നിയമസഭയും പോലെ പൗരസമൂഹത്തിൻ്റെ അധികാര കേന്ദ്രമാണ് ഗ്രാമസഭ. ഗ്രാമസഭയിൽ എടുക്കുന്ന നിയമാനുസൃതമായ തീരുമാനങ്ങളെ മറികടക്കാൻ ലോകസഭയ്ക്കോ സുപ്രീംകോടതിക്കോ അധികാരമില്ലെന്ന് 

സുപ്രീംകോടതി തന്നെ പലതവണ വിധിന്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ട്.

മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ള പഞ്ചായത്തീരാജ് സംവിധാനം മാതൃകാപരമായി നടപ്പിലാക്കുകയും ജനകീയാസൂത്രണ പ്രസ്ഥാനം 25 വർഷങ്ങൾ പിന്നിടുകയും ചെയ്തപ്പോൾ സംസ്ഥാന സർക്കാർ തന്നെ ജനങ്ങളുടെ അധികാരത്തെ കവർന്നെടുക്കുന്ന നടപടികളിലേക്ക് പോവുകയാണെന്നും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചവർ പറഞ്ഞു.പ്രാതിനിധ്യ ജനാധിപത്യത്തിൽ നിന്നും പങ്കാളിത്ത ജനാധിപത്യത്തിലേക്ക് പൗര സമൂഹത്തെ ഉയർത്താനുള്ള നിയമാനുസൃത വേദിയായ ഗ്രാമസഭയെ ദുർബലമാക്കുന്ന പ്രവണതയാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.ഓംബുഡ്സ്മാൻ സംവിധാനം ഇക്കാര്യത്തിൽ ഇടപെടുന്നു പോലും ഇല്ല. പഞ്ചായത്തീരാജ് സംവിധാനത്തിൻ്റെ ഭാഗമായി പദ്ധതി പ്രവർത്തനം സോഷ്യൽ ഓഡിറ്റ് ചെയ്യാനുള്ള അധികാരം 25 വർഷങ്ങൾക്ക് മുമ്പ് ഗ്രാമസഭയ്ക്ക് ലഭിച്ചുവെങ്കിലും ഇന്നുവരെ അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല.പ്രകൃതി വിഭവങ്ങളുടെ മേലുള്ള ഗ്രാമസഭയുടെ അധികാരങ്ങളെ കുറിച്ച് പൗരസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഞ്ചായത്തീരാജ് സംവിധാനത്തെയും ഗ്രാമസഭകളെയും ശാക്തീകരിക്കുന്നതിനു ഗാന്ധിയൻ ദിശയിലുള്ള കർമ്മപരിപാടി തയ്യാറാക്കുന്നതിൻ്റെ ഭാഗമായാണ് ഈ പഠന പരിപാടി സംഘടിപ്പിച്ചത്.പ്രാദേശികമായുള്ള പ്രകൃതി വിഭവങ്ങളെയും മനുഷ്യാദ്ധ്വാനത്തെയും ചേർത്തുള്ള പദ്ധതികളിലൂടെ പ്രാദേശിക സാമ്പത്തിക വികസനവും ഗ്രാമ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും ലക്ഷ്യമാക്കിയാണ് കർമ്മപരിപാടിക്ക് രൂപം നൽകുന്നത്.പഠന പരിപാടിയുടെ തുടർ പ്രവർത്തനങ്ങളിൽ ഭാഗമാവാൻ താൽപര്യമുള്ളവർ 9447483106 ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

Previous Post Next Post