ആ ഫോൺകോൾ


-ബീന ബിനിൽ,തൃശൂർ

 അവൾ ഫോൺഎടുത്ത് ഒറ്റവിളി "അങ്ങേതലയ്ക്കൽ അദ്ദേഹത്തിൻ്റെ ശബ്ദം മുഖവുരയൊന്നുമില്ലാതെ പറഞ്ഞു എവിടെയാ എനിക്കൊന്നു കാണണം അതുമാത്രമല്ല " കെട്ടിപിടിച്ചൊന്ന് പൊട്ടി കരയണം അത്രയും വിങ്ങലുണ്ട് ഉള്ളിൽ" മറുഉത്തരം ആശ്വാസമായിരുന്നു,അന്നത് പറഞ്ഞു കഴിഞ്ഞതിനുശേഷം അവൾ ഏറെനേരം ചിന്തിച്ചതും പ്രാർത്ഥിച്ചതും ഞങ്ങളുടെ ആയുസ്സിൻ്റെ കാലം കുറച്ച് ദൂരം കൂടി നീട്ടി കിട്ടണമേ എന്നായിരുന്നു.

വർഷങ്ങളുടെ പരിചയവും  ആത്മാർഥ സൗഹൃദവും ഉണ്ടായിരുന്നെങ്കിലും ചില സമയങ്ങൾ ആണ് നിശ്ചിതമായിട്ടുള്ളത്, അല്ലെങ്കിൽ എത്രയോ നാളുകൾ ദിവസങ്ങൾ ഏകാന്തതയുടെ മരവിച്ച മനസ്സുമായി കഴിച്ചു കൂട്ടിയിട്ടുണ്ട്... നേർക്കുനേർ പലപ്പോഴും ഇരുന്ന് സംസാരിച്ചു പോയിട്ടുണ്ട്, അന്നൊന്നും തോന്നാത്ത വിധം ഇപ്പോൾ......

അവളുടെ വർത്തമാനം കേട്ടതും അദ്ദേഹം ഒട്ടും ഞെട്ടാതെയാണ്,ഞാനും മനസ്സിൽ വിചാരിച്ചതാ,,എന്താണ് പറ്റിയത്..സ്ഥലത്ത് ഇല്ലല്ലോ ഇപ്പോൾ, ദൂരയാത്രയിലാണ് മൂന്ന് നാൾക്കകം എത്തും വന്നിട്ട് കാണാട്ടോ...

സമാധാനഹൃദയത്തിൻ്റെ മൂളലിന് ശേഷം അവൾ സ്വയം പറഞ്ഞു ,അദ്ദേഹം എന്നെകുറിച്ച് എന്ത് കരുതിയിരിക്കും അല്ലേ,,,, ഇത്രയുംനാൾ ഇതും കൊണ്ടായിരുന്നോ ഞാൻ നടന്നിരുന്നത് എന്ന് ചിന്തിക്കില്ലേ? പെട്ടെന്ന് എവിടെ നിന്നോ എന്ന പോലെ രണ്ട് ഇണക്കിളികളുടെ വിതുമ്പലുകൾ കാതിൽ വന്ന് പതിക്കുന്ന പോലെ തോന്നിയതും ,ഞങ്ങളുടെ മനസ്സിൻ്റെ സ്പന്ദനങ്ങൾ അറിയാൻ കഴിഞ്ഞു.

യാത്രയുടെ ഇടവേളകളിൽ പലപ്പോഴായി അദ്ദേഹം അവളെ വിളിക്കാനായി സമയം കണ്ടെത്തി.അതാകട്ടെ അവളുടെ എല്ലാം മടുത്തു എന്ന് തോന്നിയ മനസ്സിൻ്റെ ഉണർവിന് മരുന്നാകുകയായിരുന്നു, സ്വയം അവൾ തീർച്ചപ്പെടുത്തി എന്താത്  എനിക്ക് ഇങ്ങനെയൊക്കെ തോന്നാൻ, അതേസമയം ഇങ്ങനെയും കരുതി അല്ല ഞാനും പച്ചയായ മനുഷ്യസ്ത്രീയല്ലേ അല്ലേ...അദ്ദേഹം എന്തു പറയും എന്ന വേവലാതിയായിരുന്നു പറഞ്ഞുതീരും വരെ,ഇപ്പോ മറ്റൊരു ചിന്ത..ഏയ് അങ്ങനെയൊന്നും കരുതണ്ട, ചിലതെല്ലാം സംഭവിക്കുക തന്നെ ചെയ്യും..

 രണ്ട് മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം അദ്ദേഹം തിരിച്ചെത്തിയെങ്കിലും അവൾ എന്തായിരിക്കും പറയുക എന്നോർത്ത് കണ്ടുമുട്ടിയെങ്കിലും സമയം ചിലതിനെല്ലാം ചില നേർരേഖകൾ വരച്ച് വെച്ചതു പോലെ ആ ദിവസം അങ്ങനെ കഴിഞ്ഞുപോയി, 

മറ്റൊരുനാൾ ഹൃദയത്തിൻ്റെ           രാഗതന്ത്രികൾ നിലയ്ക്കാതെ മീട്ടി കൊണ്ടിരിക്കുന്ന നേരം എരിയുന്ന തീക്കനൽ പോലെ മിന്നിയും കെട്ടും നിന്ന മനസ്സുമായിരിക്കുന്ന അവൾക്ക് മുന്നിൽ പൊടുന്നനെ അദ്ദേഹം,നേർത്ത വള്ളികൾ പോലെയുള്ള അവളുടെ കൈകൾ അദ്ദേഹത്തെ കെട്ടിപിടിച്ചു കൊണ്ട് അവൾ വിതുമ്പുകയായിരുന്നു,

തേങ്ങലിൻ്റെ ശബ്ദത്തിൻ്റെ ഇടയിലൂടെ അദ്ദേഹം പറഞ്ഞു, മതിയാവോളം കരഞ്ഞുതീർക്കൂ എന്ന്.

അവൾ പറയുന്നുണ്ടായിരുന്നു,എത്ര നാളായി ഞാൻ ഇങ്ങനെ ഒന്ന് കെട്ടിപിടിച്ച് പൊട്ടി കരയാൻ ചൂടേറിയ ഒരു നെഞ്ച് അന്വേഷിക്കുന്നു, മടുത്തു എനിക്ക് സത്യത്തിൽ ഈ ജീവിതം, ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാനാവില്ലല്ലോ...

എന്താ ഇപ്പോ ഇങ്ങനെ വിഷമിക്കാൻ, ഇതെല്ലാം മാറും ധൈര്യമായിരിക്കുക എന്നദ്ദേഹം മുറുകെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.

അവൾ ഒന്നുകൂടി മുറുകെ പിടിച്ചുകൊണ്ട് വിതുമ്പികൊണ്ട് പറഞ്ഞു,എനിക്ക് പറ്റുന്നില്ല,എല്ലാ ബലവും ചോർന്നുപോകുന്ന പോലെ, കുറച്ചുദിവസമായി ആകെ അസ്വസ്ഥമാണ് മനസ്സ്,മുന്നോട്ട് എങ്ങനെ പോവാൻ പറ്റുമെന്ന ചിന്ത, അതാ ഞാൻ കാണണമെന്ന് പറഞ്ഞതും കെട്ടിപിടിച്ച് പൊട്ടികരയണമെന്ന് ആവശ്യപ്പെട്ടതും..ഈ നേരം കൊണ്ട് അദ്ദേഹത്തിൻ്റെ ഷർട്ട് കണ്ണുനീരാൽ നനഞ്ഞൊട്ടിയിരുന്നു, അവൾ പിടിമുറുക്കികൊണ്ടിരിക്കുന്നു കൂടെ വിതുമ്പി കരച്ചിലും...ചുറ്റും തികഞ്ഞ ശാന്തതയാണെങ്കിലും രണ്ടുപേരുടെയും മനം വേദനിക്കുകയായിരുന്നു.അദ്ദേഹം കൈകൾ മാറ്റാൻ അവളോട് ആവശ്യപ്പെട്ടില്ല, അതിനുപരിയായി അവളെ വല്ലാതെ ചേർത്തുപിടിച്ചു.

ഇടയിൽ അവൾ വിഷമങ്ങളും, ഒറ്റപ്പെടലിൻ്റെ വേദനയും,വികാരത്തിൻ്റെ സാന്ദ്രതയും, അടക്കിപിടിച്ചനോവുകളെ കുറിച്ചും പറഞ്ഞു,'സോറി ' എന്ന വാക്കും പല ആവർത്തി ഉരുവിട്ടു.

 ഏറെ നേരത്തിനു ശേഷം കെട്ടിപിടിച്ചു കൊണ്ട് അവർ അവിടെ ഇരുന്നു, കൈകൾ പതുക്കെ വിടുവിച്ചു കൊണ്ട് അല്പം മന്ദഹാസം വരുത്തി കൊണ്ട് അവൾ ചോദിച്ചു, "ഞാൻ ബുദ്ധിമുട്ടിച്ചു അല്ലേ "ഒരിക്കലുമില്ലെന്ന് പറഞ്ഞുകൊണ്ട് അവളുടെ കവിൾതടത്തിലൂടെ ഇറങ്ങിവരുന്ന കണ്ണീർകണങ്ങൾ മുദുവായ കൈവിരലുകളാൽ തുടച്ചുമാറ്റി. അവളുടെ കെട്ടിപിടുത്തത്തിനുള്ളിൽ അദ്ദേഹത്തിൽ ഒരു കനത്ത മഴപെയ്തിറങ്ങുകയായിരുന്നു.

നിമിഷനേരത്തിൻ്റെ മാന്ത്രികത കൊണ്ടെന്നപ്പോലെ അവളുടെ മുഖത്തിൻ്റെ ഭാവപ്രകാശത്തെ മാറ്റി കൊണ്ട് അവൾ ചോദിച്ചു?ഞാനൊന്ന് കെട്ടിപ്പിടിച്ച് പൊട്ടികരയട്ടെ എന്ന് ചോദിച്ചപ്പോൾ എന്തിന് എന്നോട് അരുതെന്ന് പറയാതെ ആഗ്രഹിച്ചതിലും കൂടുതൽ മുറുക്കി പിടിച്ചു..ഞാനും അതാഗ്രഹിച്ചിരുന്നു എന്ന ഒറ്റവാക്കായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

ഏതൊരു മനസ്സും ഇതാഗ്രഹിക്കുന്നതാണ് മഴയായ് പെയ്യാനും കാറ്റായ് വീശാനും.ഉള്ളിലെ കനലുകൾ കെട്ടുപോയ സമാധാനത്തിൽ അവൾ രണ്ട് കപ്പുകളിലായി ഗ്രീൻ ടീ ഒഴിച്ചു വെച്ചു, രണ്ടുപേരും അതു കുടിച്ച് മുറ്റത്തേക്ക് നോക്കിയനേരത്ത് കനത്തമഴയും പെയ്തു.

Post a Comment

Previous Post Next Post