കല്ലടിക്കോട് :കരിമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികൾ ഒഴിവാക്കി രണ്ടു നിർധന കുടുംബങ്ങൾക്ക് വീടൊരുക്കാനുള്ള ഉദ്യമത്തിന് സുമനസ്സുകളുടെ നിർലോഭമായ പിന്തുണ. സ്കൂളിന്റെ ഗോൾഡൻ ജൂബിലി സ്മരണാർഥമാണ് സ്വന്തമായൊരു വീടെന്ന രണ്ടു നിർധന കുടുംബങ്ങളുടെ സ്വപ്നത്തിന് കരിമ്പ ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്നേഹസാക്ഷാത്കാരം നൽകുന്നത്.രണ്ടു വീടുകളുടെയും നിർമാണ പ്രവർത്തനങ്ങൾക്ക് എം എൽ എ കെ.ശാന്തകുമാരി ശിലയിട്ടു.വാഹന അപകടത്തിൽ നാല് പെൺകുട്ടികൾ നഷ്ടമായതിന്റെ നൊമ്പരം ഉണ്ടെങ്കിലും,സ്കൂളിലെ തന്നെ വീടില്ലാത്ത രണ്ട് കുട്ടികൾക്ക് വീടൊരുക്കാനുള്ള ആഹ്ലാദം ഒരു സന്തോഷം വീണ്ടെടുക്കലിന്റെ സന്ദർഭമായി മാറി.തറക്കല്ലിടൽ ചടങ്ങിന് എത്തിയവർക്ക് മധുരം നൽകി വീട്ടുകാർ സന്തോഷം പങ്കുവച്ചു. മലയാളികളുടെ ഒന്നിച്ചു നിൽപ്പിന്റെയും പൊതു വിദ്യാഭ്യാസത്തിൻ്റെയും മുഖമുദ്രയാണ് കാരുണ്യ പ്രവർത്തനങ്ങൾ.ഒരേ സമയം രണ്ടു സ്നേഹ ഭവനങ്ങൾ നിർമിക്കാനുള്ള സ്കൂളിന്റെ ഉദ്യമം മാതൃകാപരമാണെന്ന് എം എൽ എ പറഞ്ഞു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കോമളകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ.ജയശ്രീ,ഓമന,സ്കൂൾ പ്രിൻസിപ്പൽ ബിനോയ് എൻ.ജോൺ,ഹെഡ്മാസ്റ്റർ ജമീർ.എം, പിടിഎ പ്രസിഡന്റ് കെ.രാധാകൃഷ്ണൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി മതിപ്പുറം,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ വ്യത്യസ്ത സംഘടന നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق