തീയേറ്ററിലെത്തിയിട്ട് അഞ്ച് ദിവസമാകുമ്പോഴേക്കും കേരളത്തിൽ ആവേശം തീർത്തിരിക്കുകയാണ് ജിത്തു മാധവൻ ചിത്രം ‘ആവേശം’. ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ആഗോള ബോക്സോഫീസിൽ ഇതിനോടകം 50 കോടിയിലധികം കളക്ഷൻ ചിത്രം നേടിക്കഴിഞ്ഞു. തുടർച്ചയായി അഞ്ച് ദിവസവും കേരളത്തിൽ നിന്നു മാത്രം മൂന്ന് കോടിക്കു മുകളിൽ കളക്ഷനാണ് സിനിമയ്‌ക്കു ലഭിച്ചത്.
ആഴമേറിയ കഥയൊന്നുമില്ലെങ്കിലും രണ്ടര മണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലാണ് ജിത്തുമാധവൻ ആവേശം ഒരുക്കിയിരിക്കുന്നത്. സീനിയേഴ്സിന്റെ റാഗിംഗിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന അജുവും ശാന്തനുവും ബിബിയും രംഗണ്ണന്റെ മുന്നിലാണ് സഹായത്തിനെത്തുന്നത്. തുടർന്ന് രംഗനെന്ന ഗുണ്ടയുടെ ജീവിതം നർമ്മം കലർത്തി പ്രേക്ഷകന് മുൻപിലെത്തിക്കുകയാണ് സംവിധായകൻ. ഹ്യൂമറാണ് ഫസ്റ്റ് ഹാഫിന്റെ കാതൽ. ചെറിയൊരു ഇഴച്ചിലുണ്ടെങ്കിലും കാണികളെ പിടിച്ചിരുത്തുന്നതാണ് സെക്കൻഡ് ഹാഫ്.
തുടക്കം മുതൽ ഒടുക്കം വരെ ഒരുതരി പോലും എനർജി ചോരാതെയുള്ള ഫഹദിന്റെ പ്രകടനമാണ് സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നത്. രംഗണ്ണന്റെ ഉച്ചത്തിലുള്ള സംസാരവും മാസ് മാനറിസങ്ങളും പ്രേക്ഷകരെ ആകർഷിക്കുന്നതായിരുന്നു. രംഗനും കൂട്ടാളിയായ അമ്പാനും ചേർന്ന് ഹ്യൂമറും ആക്ഷനും ഒരുപോലെ കൈകാര്യം ചെയ്യുന്നുണ്ട്. ആവശ്യത്തിന് മാസ് എലമെന്റുകൾ കൂടി വരുന്നതോടെ ആവേശമെന്ന ആക്ഷൻ-കോമഡി ചിത്രം യുവാക്കളുടെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്.
ചിത്രത്തിന് തമിഴ്നാട്ടിലും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകർന്നിരിക്കുന്നത്. ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
إرسال تعليق