ന്യൂഡൽഹി: സൗദി അറേബ്യയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനം യാഥാർത്ഥ്യമാകുന്നു. മോചനത്തിന് ആവശ്യമായ 34 കോടി രൂപ സമാഹരിച്ചു. ഈ തുക ഇന്ത്യൻ എംബസി വഴി സൗദിയിലെ കുടുംബത്തിന് കൈമാറും. നടപടികൾ പൂർത്തിയാകുന്നതോടെ അബ്ദുൾ റഹീമിന്റെ മോചനം യാഥാർത്ഥ്യമാകുന്നതാണ്.
കഴിഞ്ഞ 18 വർഷമായി സൗദിയിലെ ജയിലിൽ കിടക്കുന്ന കോഴിക്കോട് സ്വദേശി റഹീമിന്റെ മോചനത്തിനായി കുടുംബം ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിരുന്നു. ബിജെപി നേതാവ് സുരേഷ് ഗോപിയും വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തി. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ച സുരേഷ് ഗോപി സൗദി അംബാസിഡറുമായി സംസാരിക്കുകയും ചെയ്തിരുന്നു. കൂടാതെ വ്യവസായി ബോബി ചെമ്മണ്ണൂർ ക്രൗഡ് ഫണ്ടിംഗിനായി അഭ്യർത്ഥിച്ച് രംഗത്തെത്തുകയും വലിയൊരു തുക സംഭാവന നൽകുകയും ചെയ്തു.ലോകത്തെമ്പാടുമുള്ള മലയാളികളിലേക്കും ഇന്ത്യക്കാരിലേക്കും റഹീമിന്റെ മോചന വിഷയം എത്തിക്കാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും കഴിഞ്ഞു. ഇതുവഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പണം ഒഴുകിയെത്തി. മലയാളിയുടെ മോചനത്തിനായി മലയാളികൾക്കൊപ്പം ഏവരും ജാതിമതഭേദമന്യേ കൈക്കോർത്തതോടെ 34 കോടി രൂപയും സമാഹാരിക്കാൻ കഴിഞ്ഞു. വധശിക്ഷ നടപ്പിലാക്കാൻ രണ്ട് ദിവസം ശേഷിക്കെയാണ് ദയാധനം സമാഹരിക്കപ്പെട്ടത്.
إرسال تعليق