
തച്ചമ്പാറ:കോണ്‍ഗ്രസ് പുറത്താക്കിയതോടെ പാർട്ടി വിട്ട് സിപിഎമ്മില്‍ ചേർന്ന മുൻ മണ്ഡലം പ്രസിഡൻ്റ് റിയാസ് തച്ചമ്പാറ ഒരാഴ്ചക്കുള്ളില്‍ വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി.സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് കോണ്‍ഗ്രസ് പുറത്താക്കിയ തച്ചമ്പാറ മണ്ഡലം പ്രസിഡന്‍റായിരുന്ന റിയാസിന്‍റേതാണ് മലക്കം മറിച്ചില്‍. ഡിസിസി നേതൃത്വത്തോട് മാപ്പു പറഞ്ഞാണ് പാർട്ടിയില്‍ തിരിച്ചെത്തിയത്.ആറുമാസം മുൻപ് റിയാസിനെതിരെ മൂന്ന് സ്ത്രീകള്‍ ഡിസിസിക്ക് പരാതി നല്‍കിയിരുന്നു.ഇക്കാര്യത്തില്‍ പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മറുപടിയില്‍ തൃപ്തിയില്ലെന്ന് ചൂണ്ടികാട്ടി വീണ്ടും വിശദീകരണം ചോദിച്ചു. ഇതിനിടെ രണ്ടുപേരുടെ പരാതിയില്‍ പൊലീസ് കേസുമെടുത്തു. പിന്നാലെ ഓഗസ്റ്റ് 31ന് പ്രാഥമിക അംഗത്വത്തില്‍ നിന്ന് റിയാസിനെ പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം സിപിഎം മണ്ണാർക്കാട് ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ നേതാക്കള്‍ക്കൊപ്പം ജില്ലാ കമ്മറ്റി ഓഫീസിലെത്തി സിപിഎമ്മില്‍ ചേർന്നു.ഡിസിസി പ്രസിഡൻ്റിനെതിരെ ആരോപണം ഉന്നയിച്ച റിയാസ് സിപിഎമ്മുമായി സഹരിക്കുമെന്നും പ്രഖ്യാപനം നടത്തി.റിയാസിനെ ചുവന്ന ഷാള്‍ അണിയിച്ച് സിപിഎം ജില്ലാ സെക്രട്ടറി സ്വീകരിച്ചിരുന്നു.പാർട്ടി ഒപ്പമുണ്ടെന്ന് റിയാസിന് ജില്ലാ സെക്രട്ടറി ഉറപ്പും നല്‍കി. എന്നാല്‍ കൃത്യം ഒരാഴ്ചയ്ക്കു പിന്നാലെയാണ് റിയാസിൻ്റെ മലക്കം മറിച്ചില്‍. കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചു പോകുന്നുവെന്ന് റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഡിസിസി പ്രസിഡൻ്റിനോട് ക്ഷമാപണം നടത്തി വീഡിയോയും പുറത്തിറക്കി.കോണ്‍ഗ്രസ് വിട്ടതോടെ ഉറങ്ങാനാവുന്നില്ലെന്ന് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.ഉച്ചയോടെ ഡിസിസി ഓഫീസില്‍ നേരിട്ടെത്തിയതോടെ ഓഫീസ് നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പന് മുന്നില്‍ വീണ്ടും ക്ഷമാപണം നടത്തുകയായിരുന്നു. തങ്കപ്പേട്ടൻ അച്ഛനെ പോലെയാണെന്നും റിയാസ് പ്രതികരിച്ചു. എന്നാല്‍ റിയാസിനെതിരെ നടപടിയെടുത്ത നിലപാടില്‍ മാറ്റമില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. സഹകരിക്കാമെന്ന് അറിയിച്ച് റിയാസ് വന്നപ്പോള്‍ പരിഗണിച്ചുവെന്നും പാർട്ടി അംഗത്വം നല്‍കിയിട്ടില്ലെന്നും തങ്കപ്പൻ പറഞ്ഞു.അതേസമയം, റിയാസിൻ്റെ തിരിച്ചുപോക്ക് പാർട്ടിയെ ബാധിക്കില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം വിശദീകരിച്ചു.ഡിസിസി പ്രസിഡൻ്റിനോട് മാപ്പ് ചോദിക്കാനാണ് വന്നതെന്നും ഞങ്ങള്‍ തമ്മില്‍ അച്ഛൻ മകൻ ബന്ധം പോലെയാണെന്നും റിയാസ് പറഞ്ഞു. പാർട്ടിയെയും ഡിസിസി പ്രസിഡന്റിനെയും നേരത്തെ വിമർശിച്ചത് മാനസിക സംഘർഷം മൂലമാണ്. അതിനു മാപ്പ് ചോദിക്കുകയാണ്. കോണ്‍ഗ്രസുകാരനായി തുടരും. തങ്കപ്പനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണ്. തങ്കപ്പനോട് ക്ഷമാപണം നടത്തുകയാണ്. മറ്റൊരു പാർട്ടിയില്‍ തനിക്ക് പോകാൻ കഴിയില്ല. മാനസിക പ്രയാസങ്ങള്‍ മൂലമാണ് ഡിസിസി പ്രസിഡൻ്റിനെതിരെ പറഞ്ഞതെന്നും റിയാസ് പറഞ്ഞു.
إرسال تعليق