പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന പ്രതിവാര ചലച്ചിത്ര പ്രദർശനം ആരംഭിച്ച് 1 വർഷം പൂർത്തിയാവുന്നു .2024 ജൂലൈ 12 ന് കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം നേടിയ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ആദരിച്ചു കൊണ്ട് പുനരാരംഭിച്ച പ്രതിവാര ചലച്ചിത്ര പ്രദർശനത്തിൽ നാളിതുവരെ വ്യത്യസ്തമായ ഭാഷയിലും ജോണറിലുമായി 54 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുകയുണ്ടായി.കൂടാതെ 'മ്യൂസിക്കൽ ചെയർ, നീലമുടി, സമീർ, ഒരു തീരത്തിനും മറ്റനേകങ്ങൾക്കുമിടയിൽ' എന്നീ പ്രാദേശിക മലയാള ചിത്രങ്ങളുടെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും പ്രദർശനത്തിന്റെ ഭാഗമായി പങ്കെടുപ്പിക്കാനും, പൂർണ്ണമായി വിദ്യാർത്ഥികൾ നിർമ്മിച്ച ചിത്രവും ഐ ഐ ടി യുടെ സഹകരണത്തോടെയുള്ള ഹിന്ദി ഡോക്യൂമെന്ററിയും ഉൾപ്പടെ നിരവധി മിനിമൽ സിനിമകളുടെ ആദ്യ പ്രദർശനത്തിന് വേദിയൊരുക്കാനും പി ഡി പി എൽ ഫിലിം സൊസൈറ്റിക്ക് ഈ ഒരു വർഷക്കാലയളവിനുള്ളിൽ സാധിച്ചിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ച്ചകളിലും നടക്കാറുള്ള സൗജന്യ പ്രദർശനങ്ങൾക്കു ശേഷം സിനിമയെക്കുറിച്ചുള്ള ചർച്ചയും മുടങ്ങാതെ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
വരുന്ന മാസങ്ങളിൽ ചലച്ചിത്ര അക്കാദമിയുമായി ചേർന്ന് കൊണ്ടുള്ള ഫിലിം മേക്കിങ് ക്യാമ്പ്, സിനിമാസ്വാദന ക്യാമ്പ്, ഷോർട്ട് ഫിലിം കോമ്പറ്റീഷൻ എന്നിവ പി ഡി പി എൽ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് ലൈബ്രറി സെക്രട്ടറി
ടി.ആർ.അജയൻ,ഫിലിം സൊസൈറ്റിയുടെ ചെയർമാൻ മുഹമ്മദ് സാദിക്ക് എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു
Post a Comment