കല്ലടിക്കോട്: പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം..ഈ വരികൾ ഒരു നനുത്ത സ്പർശമായി മനസിൽ പതിച്ചാണ് കഴിഞ്ഞ അര നൂറ്റാണ്ടിനിടെ കരിമ്പ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ കൂട്ടുകാർ പദനിസ്വനം എന്ന പേരിൽ ഒത്തുകൂടിയത്.സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പദനിസ്വനം എന്ന പൂർവ വിദ്യാർത്ഥി സ്നേഹ സംഗമം ശ്രദ്ധേയമായി.കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയർമാനുമായ പി.എസ്.രാമചന്ദ്രൻ 'പദനിസ്വനം 'സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു. ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ പ്രസിഡന്റ് യൂസുഫ് പാലക്കൽ അധ്യക്ഷനായി.പിടിഎ പ്രസിഡന്റ് കെ.രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കേരളത്തിലെ പൊതു വിദ്യാഭ്യാസ സമ്പ്രദായം സമീപ കാലങ്ങളിൽ നിന്നും മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ വികാസത്തിലും ഗുണനിലവാരത്തിലും മൂല്യത്തിലും ഗണ്യമായ ഈ പുരോഗതി കാണാം. കുട്ടികളെ അവരുടെ കഴിവുകൾ പൂർണ്ണമായി തിരിച്ചറിഞ്ഞ് പരിപോഷിപ്പിച്ചുകൊണ്ട് സ്വയം കണ്ടെത്തുന്നതിന് വഴികാട്ടുക എന്നതും സാമൂഹ്യ പ്രതിബദ്ധതയോടെ നിലകൊള്ളുക എന്നതും വിദ്യാർഥികൾ ദൗത്യമായി കാണുന്നതിന് രക്ഷിതാക്കളുടെ സമർത്ഥമായ പിന്തുണ സഹായകമാണെന്ന് ഉദ്ഘാടകൻ പറഞ്ഞു.പഴയ സൗഹൃദത്തിന്‍റെയും,സുന്ദരമായ നിമിഷങ്ങളുടെയും,അന്നത്തെ പിന്നിട്ട കാലഘട്ടത്തിന്റെയുമെല്ലാം ഓർമകളോടെയാണ് പല ദിക്കിൽ നിന്നും പൂർവകാല വിദ്യാർഥികൾ ഒത്തുചേർന്നത്.വർഷങ്ങൾക്ക് ശേഷമുള്ള സമാഗമം,ഓർമ്മകൾ പങ്കിട്ടും,സെൽഫി എടുത്തുമെല്ലാം കൂട്ടുകാർ ആഘോഷമാക്കി.സുവർണ ജൂബിലി സ്മാരകമായി നിർധനരായ രണ്ടു വിദ്യാർത്ഥികൾക്ക് നിർമ്മിച്ചു നൽകുന്ന രണ്ട് സ്നേഹ ഭവനത്തിനുള്ള ഫണ്ട് സമാഹരണത്തിൽ
സഹൃദയർ പങ്കാളികളായി.മെയ് 10ന് ഗുരുവന്ദനം എന്ന പരിപാടിയും ഇതോടനുബന്ധിച്ച് നടത്തും.
പ്രിൻസിപ്പാൾ ബിനോയ് എൻ.ജോൺ, ഹെഡ്മാസ്റ്റർ ജമീർ.എം, എസ് എം സി ചെയർമാൻ മുഹമ്മദ് മുസ്തഫ, ഒഎസ്എ ട്രഷറർ ജയപ്രകാശൻ,സെക്രട്ടറി അബ്ദുറഹ്മാൻ,പി ഭാസ്കരൻ,മുൻ പ്രിൻസിപ്പാൾ സിസിലി ജോർജ് തുടങ്ങിയവരുംവിവിധ ബാച്ചുകളുടെ പ്രതിനിധികളും സംസാരിച്ചു.
ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തനങ്ങൾ വിപുലമാക്കാനും, കൂടുതൽ പൂർവ്വവിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വരുന്ന ഓരോ വർഷങ്ങളിലും സ്നേഹ സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു
Post a Comment