മുണ്ടൂർ:ഒരു നൂറ്റാണ്ടോളം പാരമ്പര്യമുള്ള ഒരു നാടിന്റെ അഭിമാനമായി തിളങ്ങുന്ന ഒരു ജനതയുടെ ജീവിതത്തിൽ വഴി വെളിച്ചം പകർന്ന് പതിനായിരങ്ങളെ അറിവിന്റെ നേർവഴി കാണിച്ച വീടു പോലൊരു വിദ്യാലയം,അതാണ് കാഞ്ഞിക്കുളം എ എൽ പി സ്കൂൾ.1930 ൽ ആരംഭിച്ച ഈ ഗ്രാമീണ വിദ്യാലയംഅധികം വൈകാതെ ഹൈടെക്ക് നിലവാരത്തിലേക്ക് മാറുകയാണ്.പുതിയ അധ്യയന വർഷത്തിൽ പുതിയ മാനേജ്മെന്റിനു കീഴിൽ പുതുമകളോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുമ്പോൾ ആധുനിക സൗകര്യങ്ങളെല്ലാം ഈ വിദ്യാലയവും കരഗതമാക്കും.എല്ലാ സൗകര്യവുമുള്ള പുതിയ കെട്ടിടം,പുതിയ വാഹനങ്ങൾ,ഹൈടെക് ക്ലാസ് മുറികൾ,മൾട്ടി മീഡിയ ലാബ്,ഇംഗ്ലീഷ് മീഡിയം,പ്രത്യേകം കലാ കായിക പരിശീലനങ്ങൾ, സൗജന്യ യൂണിഫോം,ടാലന്റ്ലാബ്, ശിശു സൗഹൃദ പ്രി പ്രൈമറി ക്ലാസുകൾ എന്നിവ പുതിയ കെട്ടിടം യാഥാർഥ്യമാകുന്നതോടെ സഫലമാകും.സ്കൂളിന്റെ 95 ആം വാർഷികാഘോഷം 2025 മാർച്ച് 30 ഞായറാഴ്ച വൈകിട്ട് അഞ്ചിന് കാഞ്ഞിക്കുളം പിആർ കോംപ്ലക്സിൽ നടത്തുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.
മലമ്പുഴ എംഎൽഎ എ.പ്രഭാകരൻ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം വി സജിത അധ്യക്ഷയാകും.
ജനപ്രതിനിധികളും,വിദ്യാഭ്യാസ-സംസ്ക്കാരിക പ്രവർത്തകരും,സംഘടന നേതാക്കളും നാട്ടുകാരും പങ്കെടുക്കും. വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാലയ പ്രതിഭകൾക്ക് ആദരം,സ്കൂൾ മികവുകളുടെ ഡിജിറ്റൽ അവതരണം, വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ,കരിമ്പപാറക്കൽ ശ്രീ ദുർഗ സംഘം അവതരിപ്പിക്കുന്ന കൈകൊട്ടികളി എന്നിവയും ഉണ്ടായിരിക്കുന്നതാണ്.തുടർന്ന് കളിക്കൂട്ടം നാടൻ പാട്ട് സംഘം അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും ദൃശ്യാവിഷ്കാരങ്ങളും അരങ്ങേറും.ഒരു നാടിന് അക്ഷര പുണ്യം പകർന്നകാഞ്ഞിക്കുളം എ എൽ പി സ്കൂൾ എന്ന പൈതൃക വിദ്യാലയത്തിന്റെ വാർഷികാഘോഷ പരിപാടികളിലേക്ക് എല്ലാ സഹൃദയരെയും നാട്ടുകാരെയും സ്നേഹാദരങ്ങളുടെ ക്ഷണിക്കുന്നതായി,മാനേജർ ബെന്നി ജോർജ്, പ്രധാന അധ്യാപകൻ കെ എസ് സുധീർ, പിടിഎ പ്രസിഡന്റ് ഉഷ.എൻ പി എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Post a Comment