പാലക്കാട് :മൂന്നര പതിറ്റാണ്ടിനു ശേഷം ഓർമകളുടെ തിരുമുറ്റത്ത് ആ പഴയ കളിക്കൂട്ടുകാര്‍ വീണ്ടും ഒത്തുകൂടി.പെരിങ്ങോട്ടുകുറുശ്ശി ഗവ: ഹൈസ്ക്കൂളിലെ ആ പഴയ കൗമാരക്കാരാണ് സ്നേഹത്തോടെയും ഉത്സാഹത്തോടെയും ഓർമയുടെ തണലിൽ സംഗമിച്ചത്.ജീവിത വിജയത്തിലേക്ക് നയിച്ച ഗുരുക്കന്മാരും അനുഗ്രഹാശ്ശിസ്സുകളുമായെത്തി.വിട പറഞ്ഞ കൂട്ടുകാരേയും ഗുരുക്കന്മാരേയും അനുസ്മരിച്ചു കൊണ്ടായിരുന്നു സംഗമത്തിന്റെ ആരംഭം.വിദ്യാഭ്യാസ കാലഘട്ടത്തിലെ മധുരസ്മരണകൾ പങ്കുവച്ചും,പൂർവ്വകാല അധ്യാപകരെയും സഹപാഠികളെയും കണ്ടും മിണ്ടിയും അറ്റുപോയ സുഹൃദ് ബന്ധങ്ങൾ കൂട്ടിച്ചേർത്തുമുള്ള സംഗമം,ജീവകാരുണ്യ പ്രവർത്തനം ഉൾപ്പടെയുള്ള തീരുമാനങ്ങളെടുത്തു. മൂന്നര പതിറ്റാണ്ടു മുൻപുള്ള കൂട്ടുകാർ സ്കൂളിൽ എത്തിയപ്പോൾ അത് സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കൂട്ടുചേരലായി.സംഗീതജ്ഞൻ രാഗരത്നം മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം കോർഡിനേറ്റർ ഇ.ബി. രമേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഭാസ്കരൻ മാസ്റ്റർ,ഇ.ഗോവിന്ദൻ നമ്പൂതിരി,സുധാകരൻ മാസ്റ്റർ ,കോമളനുണ്ണി മാസ്റ്റർ,കുട്ടിയമ്മ ടീച്ചർ, മുരളീകൃഷ്ണൻ മാസ്റ്റർ, തങ്കപ്പൻ മാസ്റ്റർ തുടങ്ങിയവരെ ഗുരുവന്ദനം നൽകി ആദരിച്ചു.ജിജി മോൾ,സുനിൽ പി.ഡി,വി.കണ്ണൻ, കെ.ആർ.ഭക്തവത്സലൻ,ജ്യോതിഷ്.പി.ജി,തുടങ്ങിയവർ സംസാരിച്ചു.കൺവീനർ എൻ.എൻ.ശശിധരൻ സ്വാഗതവും,പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ലതിക.എസ് നന്ദിയും പറഞ്ഞു.ദീർഘകാലത്തെ പരിശ്രമങ്ങൾക്കു ശേഷം പഴയ സഹപാഠികൾക്കെല്ലാം ഒത്തുകൂടാനായതിന്റെ നിർവൃതിയിൽ വീണ്ടും കാണാമെന്ന മോഹത്തോടെയാണ് അവർ പിരിഞ്ഞത്.
Post a Comment