നിലാവിനെ നൽകിയവൾ

 


-ജയകുമാരി കൊല്ലം


(സൃഷ്ടി അക്ഷരശില്പശാല) 

            

ഊണ് കഴിഞ്ഞ് ഒന്നുമയങ്ങിയുണർന്ന റോയി,പലവിധചിന്തകളോടെ ഓട്ടോ സ്റ്റാർട്ട് ചെയ്തു.ഓട്ടം വളരെകുറവ്. എന്തെങ്കിലുംകിട്ടിയാലായി.ഓണമായതിനാൽ മടിച്ചിരുന്നാൽ പറ്റില്ല. അയാൾ വീടിനുമുന്നിലെ വീതികുറഞ്ഞ വഴിയിൽനിന്ന്,ഓട്ടോറോഡിലേക്കോടിച്ചുകയറ്റി. അപ്പോഴാണ് റോഡിന്റെ മറുവശത്തുള്ള പാടത്തിനു നടുവിലൂടെയുള്ള കോൺക്രീറ്റ്റോഡിലൂ ടെ ഒരുസ്ത്രീരൂപം റോഡിലേക്ക് നടന്നുകയറിയത്.മുന്നിൽ വന്നുനിന്ന ഓട്ടോയിലേക്ക് അവൾ ആകാംക്ഷയോടെ നോക്കി.റോയിയെ കണ്ടതും അവളുടെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു. ഇന്നലെ കൂടെ കണ്ടു പിരിഞ്ഞതുപോലെ പരിചിതമായ ചെറുപുഞ്ചിരിയാൽ,അവളുടെ മുഖത്തു തെളിഞ്ഞ നിലാവിലേക്ക് വർഷങ്ങൾക്കിപ്പുറവും റോയി ആരാധന യോടെ നോക്കിനിന്നു.'കുഞ്ഞി.. എപ്പോ വന്നു.വേറെയാരും വന്നില്ലേ കൂടെ ഉടനെ പോകുന്നതെന്താ.. രണ്ടീസം കഴിഞ്ഞു ഓണമല്ലേ'..  അഞ്ചിലഴികത്ത് പ്രസന്നൻ സാറിന്റെ മകൾ അമ്പിളി, എല്ലാവർക്കും കുഞ്ഞിയാണ്.വർഗീസ് ചേട്ടന്റെയും മോളിയുടെയും മൂത്തമകൻ റോയിയെ അയാളുടെ അനുജത്തിമാർ വിളിക്കുന്നതു കേട്ട് അവളും റോയിച്ചായൻ എന്ന് വിളിച്ചു.

"അവിടെയും തിരക്കല്ലേ, വേറെ ആരുമില്ലല്ലോ റോയിച്ചായാ ".     "പിള്ളേരൊക്കെ എപ്പോഴും എന്തെങ്കിലുമൊക്കെ പഠിക്കും. അതുകൊണ്ട് കൂടെ വരാൻ ഞാൻ നിർബന്ധിക്കില്ല". ഒരുപാട് പഠിക്കാനൊക്കെയില്ലേ"നിലാവ് നിറയുന്ന ആ മുഖത്തേക്ക് നോക്കിനിൽക്കേ,കാലം മാറ്റംവരുത്താത്ത അവളുടെ പതിഞ്ഞസ്വരം റോയി കേൾക്കുകയായിരുന്നു.' 'ഇപ്പോ ചായക്കടമുക്കീന്ന് കൊല്ലത്തേക്ക് ബസ്സുണ്ടല്ലോ..കുഞ്ഞി ഓട്ടോയിലേക്ക് കേറ്,ഞാനും അവിടെയ്ക്കല്ലേ'    "അതേ, ഞാൻ ബസ്സിന്റെ സമയം കണക്കാക്കി ഇറങ്ങിയത്. കൊല്ലത്തുനിന്ന്, പുനലൂരിലേക്ക് ഇപ്പൊ ബസ്സുണ്ടാവും"   അവളെയും പിറകിലിരുത്തി ഓട്ടോ പതിയെ ഓടിക്കുമ്പോൾ അയാളുടെ ഒരുകാലത്തെ വലിയ സ്വപ്നമായിരുന്ന , ഈ യാത്ര, കാലംതെറ്റിയെത്തിയാണ് സഫലമായതെങ്കിലും റോയിയ്‌ക്ക് സന്തോഷം തോന്നി.ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡിനുമുന്നിൽ അമ്പിളിയെ ഇറക്കിയിട്ട് റോയി തൊട്ടടുത്തുള്ള ബേക്കറിയിൽ നിന്ന് വാങ്ങിക്കൊടുത്ത മിഠായികൾ,ഇരുകൈകളാലും ഏറ്റുവാങ്ങുമ്പോഴും പുഞ്ചിരിവിരിയിച്ച നിലാവിനെ അവളയാൾക്ക് പകരം നൽകി.അവൾ കയറിയ ബസ്സ് കണ്ണിൽ നിന്ന് മറയുന്നതു വരെ റോയി നോക്കിനിന്നു.നഷ്ടപ്പെട്ടതെന്തന്നറിയാതെ ചുറ്റിലും പരതുന്ന ഒരു കുഞ്ഞിനെപോലെയാണ് അയാൾ ഓട്ടോയിൽ മടങ്ങിയെത്തിയത്. റോയികാലങ്ങൾക്കപ്പുറത്തെവിടെ യൊക്കെയോ അവളെ വീണ്ടും തിരഞ്ഞു.വെറുതെ...റോയിയുടെ അപ്പൻ വർഗീസ് ചേട്ടൻ ഒരു ജോലിക്കാരൻ മാത്രമായിരുന്നില്ല, പ്രസന്നൻ സാറിന്.അവന്റെ അമ്മ മോളിചേച്ചി, അമ്പിളിയുടെ അമ്മയായ മഞ്ജുളയുടെ സഹായിയായ കൂട്ടുകാരിയായിരുന്നു. ആ വീട്ടിലെ എന്തിനും അവർ രണ്ടാളും വേണമായിരുന്നു.അമ്പിളിയും ഇളയ സഹോദരനും,റോയിയുടെ ഇളയ രണ്ടു സഹോദരിമാരും ചങ്ങാതിമാരുമായിരുന്നു.കൂട്ടത്തിൽ മുതിർന്ന അമ്പിളിയും റോയിയും വലിയ കൂട്ടുകാരായി. പ്രസന്നൻസാറിന്റെ പറമ്പിലെ തന്നെ മാങ്ങയും, പുളിയുമൊക്കെ പെറുക്കിക്കൂട്ടി അമ്പിളിയുടെ ഇരുകൈകളിലേയ്ക്കും വച്ചുകൊടുക്കുന്നത് റോയിക്ക് വലിയ സന്തോഷമാണ്. പകരംകിട്ടുന്ന നിലാവിന്റെ പുഞ്ചിരിയുടെ ആരാധകനായി അവൻ.

കുറച്ചു മുതിർന്നപ്പോൾ ഒരു ഓട്ടോക്കാരനാവണമെന്ന സ്വപ്നത്തിലും നിലാവിന്റെ പുഞ്ചിരിയുമായി പിറകിലെ സീറ്റിൽ അവളുണ്ടായിരുന്നു.ഓട്ടോ സ്വന്തമാക്കാൻ വേണ്ടിയാണ് പേരപ്പന്റെ കൂടെ പെയിന്റ്പണിയ്ക്ക് പോയത്.ജോലിക്കായി തൃശ്ശൂരും തിരുവനന്തപുരത്തുമൊക്കെ പോയിട്ടു ആഴ്ചകൾക്ക് ശേഷം മടങ്ങിയെത്തുമ്പോൾ റോയി കൊണ്ടുവരുന്ന പലതരത്തിലുള്ള മിഠായികളിൽ നിന്ന് കുറച്ചെടുത്തു അമ്പിളിയുടെ കൈയ്കളിൽ വച്ചുകൊടുക്കുന്നത്,നിലാവിന്റെ പുഞ്ചിരി തിരികെ കിട്ടാനായി മാത്രമായിരുന്നു.

ആ വർഷം, ഓണമെത്തുന്നതിനു രണ്ടുമാസങ്ങൾക്ക് മുൻപ് കോഴിക്കോട്ട് പോയറോയി,അത്തംദിനത്തിനായിരുന്നു മടങ്ങിയെത്തിയത്.അവനെത്തിയപ്പോൾ വീട്ടിൽആരുമുണ്ടായിരുന്നില്ല.സന്ധ്യ ഇരുൾപരത്താൻ തുടങ്ങിയ മുറ്റത്തു തനിച്ചിരുന്നപ്പോൾ കുറച്ചു അറിയാതെ ഉറങ്ങിപ്പോയ അവന്റെ തോളിൽ മോളിചേച്ചി തട്ടിവിളിച്ചു.ശബ്ദം കേട്ട് കണ്ണുതുറന്ന അവന്റെ നേർക്ക് ഇളയ സഹോദരി ഒരു കവർ നീട്ടി.

 'ഇതു റോയിച്ചായനാണ്.രണ്ടുടുപ്പുണ്ട്. ഒന്ന് പ്രസന്നൻ സാറിന്റെവക ഓണക്കോടി,പിന്നെ കുഞ്ഞിചേച്ചിയുടെ കല്യാണത്തിന്റെയും,എല്ലാവർക്കുമുണ്ട് ഈരണ്ടുവീതം"

അവളുടെ ഉത്സാഹത്തോടെയുള്ള സ്വരം കേട്ട് റോയി ഞെട്ടിപ്പിടഞ്ഞെഴുന്നെറ്റു. 

"കല്യാണമോ.. ആരുടെ"

ആ..മഞ്ജുളചേച്ചിയുടെ ആങ്ങളേട മോനെ .നീ കണ്ടിട്ടുണ്ടോടാ റോയിയെ..ഡൽഹിയിൽ ജോലിയുള്ള പുനലൂരിലെ ..ഗിരീശനെ.. നല്ലപയ്യൻ.കുഞ്ഞീടെ ജാതകം നോക്കിയാരുന്നു. ഇപ്പോൾ പതിനേട്ടല്ലേ.. ഇപ്പോൾ നടന്നില്ലേൽ പിന്നെ ഇരുപത്തെഴിലെ ഒള്ളെന്നു.. അന്ന് ആരൊക്കെയുണ്ടാവോന്ന് ആർക്കറിയാം. പെൺകൊച്ചുങ്ങളെ എത്രേം വേഗം കെട്ടിച്ചുവിട്ടാൽ അത്രേം നല്ലത്.'

അമ്മച്ചിയുടെ വർത്തമാനം റോയിയുടെ കൊട്ടിയടയ്ക്കപ്പെട്ട ചെവിയിൽ ഒരു മൂളൽപോലെയെത്തി.

"എടാ മോനെ, ഇവിടെ ഒന്നും വച്ചില്ല. എല്ലാരും അവിടെയാരുന്നു.ഗോതമ്പുപുട്ട് ഉണ്ടാക്കട്ടെ, പഴോമുണ്ട്.കഴിച്ചേച്ചു അങ്ങോട്ട്‌ ചെല്ല്. ആ കൊച്ചു എത്ര ദിവസംകൊണ്ട് നിന്നെ തിരക്കുന്നു. അപ്പച്ചൻ അവിടെയിണ്ട്."

"ഒന്നും വേണ്ട വിശപ്പില്ലമ്മച്ചി.. നിങ്ങള് കിടന്നോ, ഞാനിപ്പോ വരാം." 

മോളിച്ചേച്ചിയുടെ മുഖത്തുനോക്കാതെ റോയി വഴിയിലേക്കിറങ്ങി . തൊട്ടടുത്തപുരയിടം പ്രസന്നൻ സാറിന്റെതാണ്.അതുവഴിപോയാൽ മുകൾനിലയിലുള്ള അമ്പിളിയുടെ മുറിയുടെ ജനാലയ്ക്കടുത്തുള്ള മുറ്റത്തെത്താം..ബന്ധുക്കളായ സ്ത്രീകൾ സാരികൾ അവളുടെ ശരീരത്തിൽ വച്ചു ഭംഗിനോക്കുന്നത് ദൂരേനിന്നേ കാണാമായിരുന്നു.മുറിയിൽ കത്തിനിൽക്കുന്ന ബാൽബിനെക്കാൾ പ്രകാശം അവളുടെ മുഖത്തെ നിലാവിനുണ്ടെന്നു റോയിക്ക് തോന്നി.

ഇനി മുതൽ ആ നിലാവിനെ കാണാൻ പറ്റില്ലെന്ന ചിന്ത, റോയിയെ നടുക്കി. ഓടിച്ചെന്ന് അവളുടെ കൈയിൽപിടിച്ചു എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ അവന്റെ മനസു നിലവിളിച്ചു.പക്ഷെ അതെന്തിനാണെന്ന് അവന് അപ്പോഴുമറിയില്ലായിരുന്നു.ഒരടിപോലും വേരുറച്ചകാലുകളുമായിഇരുട്ടിൽനിന്ന റോയി സ്വന്തം മനസ്സിനെ അടുത്ത നിമിഷത്തിൽ തിരിച്ചറിഞ്ഞപ്പോൾ അതിശക്തമായി വീണ്ടും നടുങ്ങി. നഷ്ടപ്പെടലിന്റെയൊരത്തു വഴിയാറിയാതെ പകച്ചു നിൽക്കുമ്പോൾ അവനറിഞ്ഞു. "കുഞ്ഞീ.. നീ എന്റെ സ്വന്തമാണ്"

എത്രനേരം അങ്ങനെയവിടെ നിന്നുവെന്നറിയുന്നുണ്ടായിരുന്നില്ലേങ്കിലും .ആ രാത്രിയിൽ റോയിയുടെ കണ്ണുനീരിന് കൂട്ടായെത്തിയ മഴ, അവനൊപ്പം ആർത്തലച്ചു പെയ്തു.രാവിലെ നേരത്തെയുണർന്ന മോളിചേച്ചിയാണ് തിണ്ണയിൽ പനിച്ചുകിടക്കുന്ന റോയിയെ വിളിച്ചുണർത്തിയത്.

   "ഇന്നലത്തെ മഴ മൊത്തോം നനഞ്ഞു പോയി മരുന്ന് വാങ്ങിക്ക് ചെറുക്കാ.".

മരുന്ന് വാങ്ങി വന്നതിനുശേഷം റോയി പുറത്തിറങ്ങിയില്ല. പനി കാരണമെന്ന് എല്ലാവരും കരുതി. നാളെ കഴിഞ്ഞാൽ കുഞ്ഞിയുടെ വിവാഹമാണ്. സ്വന്തം മനസ് മറ്റുള്ളവരിൽ നിന്നൊളിക്കാൻ ആ ഇരുപത്തിരണ്ടുകാരന്, പനിനൽകി പുതപ്പു മാത്രമായിരുന്നു അഭയം.

റോയിയുടെ സഹോദരരിമാരുടെ വിവാഹസമയത്തു അമ്പിളി ഭർത്താവിനൊപ്പം ഡൽഹിയിലായിരുന്നു. കുറച്ചു നാളുകൾക്കുശേഷം അയാൾ അവിടെയുള്ള ജോലിയുപേക്ഷിച്ചു, നാട്ടിലെ ബിസിനസ് നടത്തിനോക്കേണ്ടതിനാൽ, പുനലൂരിലെ കുടുംബവീട്ടിൽ താമസമാക്കി.അതുകൊണ്ടു വർഗീസ് ചേട്ടൻ മരിച്ചപ്പോൾ അവൾ വന്നുപോയി.

റോയിക്ക് വിവാഹമാലോചിച്ചു തുടങ്ങിയപ്പോൾ അവൻ തേടിയത് നിലാവിന്റെ പുഞ്ചിരി വിരിയുന്ന ഒരു മുഖമായിരുന്നു. അവന്റെ മനസ്സിന്റെ ഉള്ളിൽ ആരുംകാണാതെ തെളിയുന്ന നിലവിനു പകരം മറ്റൊന്ന് കണ്ടെത്താൻ സാധിച്ചില്ല.

      കണ്ണിൽനിന്നടർന്നുവീണ ഒരുതുള്ളി റോയിയുടെ പുറംകയ്യിൽ വെറുതെ പൊള്ളലേൽപ്പിച്ചു. ഏതുനിമിഷവും പെയ്യാനായി നിൽക്കുന്ന മഴമേഘങ്ങളുടെ വരവറിയിച്ചെത്തിയ കാറ്റ്,വല്ലാത്ത കുളിരുപകർന്നുക്കൊണ്ട്, റോയിയെ കടന്നുപോയി.കൊല്ലം കെ എസ് ആർ ടി സി ബസ്സ് സ്റ്റാന്ററിനുമുൻപിൽ ബസിറങ്ങിയ അമ്പിളിയുടെ കവിളിലേക്ക് ഒരു മഴതുള്ളിയെ കുടഞ്ഞിട്ടകാറ്റ്,അവളെ തൊട്ടുരുമ്മിക്കടന്നു പോയി.

Post a Comment

Previous Post Next Post