മണ്ണാര്‍ക്കാട് : സാങ്കേതികപ്രശ്‌നത്തിന്റെ പേരില്‍ വ്യാപാരികളുടെ ലൈസന്‍സുകള്‍ പുതുക്കി നല്‍കാത്ത നഗരസഭ ഉള്‍പ്പടെയുള്ള ഭരണസംവിധാനങ്ങളുടെ നടപടി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 25 ന് മുന്‍പ് പരിഹാരനടപടികളുണ്ടാകാത്തപക്ഷം ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതടക്കമുള്ള നടപടികളുടെ ആലോചനയിലാണ്. 2000ലധികം വ്യാപാരികളും അവരെ ആശ്രയിച്ചുള്ള തൊഴിലാളികളും കുടുംബാംഗങ്ങളുമുള്‍പ്പെടെ 10,000ത്തിലധികംപേര്‍ പ്രതിഷേധത്തിന്റെ ഭാഗമാകും. വ്യാപാരികളുടെ ലൈസന്‍സ് പുതുക്കി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് പോലും പരിഗണിക്കുന്നില്ല. നഗരസഭയിലെ ചില ഉദ്യോഗസ്ഥരുടെ നടപടികള്‍ മൂലം വ്യാപാരം അവസാനിപ്പിക്കേണ്ട ഗതികേടിലാണ് വ്യാപാരികള്‍. കെ.സ്മാര്‍ട്ട് എന്ന ആപ്ലിക്കേഷന്റെ സാങ്കേതികത്വം പറഞ്ഞ് മറ്റൊരു നഗരസഭയിലും ഇല്ലാത്ത തരത്തിലുള്ള രേഖകള്‍ ആവശ്യപ്പെട്ട് വ്യാപാരികളെ ലൈസന്‍സിനായി നെട്ടോട്ടമോടിക്കുകയാണ്. മാര്‍ച്ച് മാസത്തില്‍ ലൈസന്‍സ് പുതുക്കിയതിന്റെ രേഖകള്‍ ലഭിച്ചില്ലെങ്കില്‍ ബാങ്ക് വായ്പകള്‍ പുതുക്കാനോ മറ്റു വിവിധ ലൈസന്‍സുകള്‍ എടുക്കാനോ കഴിയില്ല. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് വരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. വ്യാപാരികളുടെ പരാതികള്‍ കേള്‍ക്കാനോ പരിഹാരം കാണാനോ ഒരുജനപ്രതിനിധിയും ശ്രമിക്കുന്നില്ല. വര്‍ധിപ്പിച്ച കെട്ടിട നികുതി കുടിശ്ശിക കെട്ടിട ഉടമകള്‍ക്ക് താങ്ങാന്‍ കഴിയുന്ന വിധത്തിലുള്ളതല്ല. കെട്ടിട ഉടമകള്‍ നികുതി അടച്ചില്ലെങ്കില്‍ വ്യാപാരിയുടെ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് പറയുന്നത് ശരിയല്ല.വ്യാപാരികള്‍ രണ്ടുമാസമായി അനുഭവിക്കുന്ന ഈ പ്രയാസത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് ബാസിത് മുസ്‌ലിം, ജന. സെക്രട്ടി രമേഷ് പൂര്‍ണിമ, പി.യു. ജോണ്‍സന്‍, ഡേവിസ്, ഷമീര്‍ യൂണിയന്‍, കൃഷ്ണദാസ്, ഗുരുവായൂരപ്പന്‍, ബേബി ചാക്കോ എന്നിവര്‍ പങ്കെടുത്തു.

إرسال تعليق