കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്ത് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം വീണ്ടും ദേശീയ ഗുണനിലവാര അംഗീകാരത്തിൻ്റെ നിറവിൽ. സംസ്ഥാനത്തെ 5 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാരം അംഗീകരിച്ച കൂട്ടത്തിലാണ് 90.6% മാർക്ക് നേടി കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രവും ഉൾപ്പെട്ടിട്ടുള്ളത്. 2020 ൽ ലഭിച്ച അംഗീകാരം ദേശീയ സംഘം പുന:പരിശോധന നടത്തിയതിലാണ് ഇപ്പോഴുള്ള ഈ അംഗീകാരം. 2 ലക്ഷം രൂപ പാരിതോഷികമായി ലഭിക്കും. ആശുപത്രിയിലെ ഭൗതിക സൗകര്യങ്ങൾ, രോഗികൾക്ക് നൽകുന്ന സേവനങ്ങൾ, ഫീൽഡ് തല പ്രവർത്തനങ്ങൾ, ആരോഗ്യ പരിപാടികൾ തുടങ്ങിയവ ദേശീയ ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിക്കുന്നത്. ഒ.പി.വിഭാഗം, ജനറൽ അഡ്മിനിസ്ട്രേഷൻ, ലാബോറട്ടറി, ഫാർമസി, ദേശീയ ആരോഗ്യ പരിപാടികൾ, മാതൃ ശിശു ആരോഗ്യ സംരക്ഷണം തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. രോഗീ പരിചരണം, രോഗികൾക്ക് ആവശ്യമായ മികച്ച സൗകര്യങ്ങൾ ഒരുക്കൽ, ശുചിത്വം, മാലിന്യ നിർമാർജനം, ഉപകരണങ്ങളുടെ കാര്യക്ഷമത, മരുന്നുകളുടെ ലഭ്യതയും വിതരണവും, അണുബാധ നിയന്ത്രണം, ആശുപത്രി പരിപാലനം, ദേശീയ ആരോഗ്യ പരിപാടികൾ നടപ്പിലാക്കൽ തുടങ്ങിയവ നേരിട്ട് നിരീക്ഷിച്ചും, രോഗികളുമായും, ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തിയുമാണ് ഗുണനിലവാര പരിശോധന നടത്തിയത്.
ദിനംപ്രതി മുന്നൂറോളം പേർ ചികിത്സക്കായി ആശ്രയിക്കുന്ന കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വൈകുന്നേരം 6 മണി വരെ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. കൂടാതെ, ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി ഫിസിയോതെറാപ്പി സെൻ്റർ, പകൽവീട്, വനിതാ ജിംനേഷ്യം, യോഗ ക്ലാസുകൾ തുടങ്ങിയവ ആശുപത്രിയോട് അനുബന്ധമായി പ്രവർത്തിച്ചു വരുന്നു. 108 ആംബുലൻസ് സൗകര്യവും, പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് സ്വന്തമായ വാഹനവും ലഭ്യമാണ്. പൊതുജനാരോഗ്യ പ്രവർത്തന രംഗത്ത് സജീവമായി ഇടപെടുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന് മുൻവർഷങ്ങളിലും കായകൽപ് അവാർഡ്, ആർദ്ര കേരളം പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് കുറ്റമറ്റ സേവനം നൽകാൻ കഴിയുന്നതിലൂടെ, ദേശീയ ഗുണനിലവാര അംഗീകാരം നേടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും, ഭരണ സമിതിയുടേയും, ആശുപത്രി ജീവനക്കാരുടേയും ഒരുമിച്ചുള്ള പ്രവർത്തനമാണ് അംഗീകാരം നേടാൻ കാരണമായതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.രാമചന്ദ്രൻ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എച്ച്. ജാഫർ, മെഡിക്കൽ ഓഫീസർ ഡോ.ഹണി റോസ് തോമസ്, അസി.സർജൻ ഡോ. ജിനു.എൽ.തോമസ് എന്നിവർ പറഞ്ഞു.
Post a Comment