ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ അടിവേര് പിഴുതെറിഞ്ഞ വിപ്ലവകാരിയായ ഗാന്ധിയെ വീണ്ടെടുക്കണം: മാധവൻ പുറച്ചേരി

 

പാലക്കാട് :ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ അടിവേര് പിഴുതെറിഞ്ഞ വിപ്ലവകാരിയായ ഗാന്ധിയെ വീണ്ടെടുക്കണമെന്നും ഭരണാധികാരികൾ വിനീതരും പ്രബുദ്ധരും വിവേകശാലികളും ആവണമെന്ന ഗാന്ധിജിയുടെ നിർദ്ദേശത്തിന് പ്രസക്തി ഏറിവരുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും കവി മാധവൻ പുറച്ചേരി അഭിപ്രായപ്പെട്ടു.അടിയന്തിരാവസ്ഥയുടെ കാലത്തേക്കാൾ നൂറിരട്ടി ഭരണകൂട ഭീകരതയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നതെന്നും സർക്കാരുകൾ കോർപ്പറേറ്റുകളുടെ ഇംഗിതം നടപ്പാക്കുന്ന സ്ഥാപനങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.ഇരുപത്തിയെട്ടാമത് മഹാകവി പി സ്മാരക കവിതാ പുരസ്കാരം ലഭിച്ച കവിക്ക് രാമശ്ശേരി ഗാന്ധി ആശ്രമത്തിൻ്റെ നേതൃത്വത്തിൽ താരേക്കാട് ജൈവ കലവറയിൽ നൽകിയ സ്വീകരണത്തിൽ "സേവാഗ്രാം സ്കെച്ചുകൾ" എന്ന കവിതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായ സ്വീകരണ യോഗത്തിൽ സഹജീവനം ഫൗണ്ടേഷൻ ഡയറക്ടർ ഗിരീഷ് കടുന്തിരുത്തി, ഏകതാ പരിഷത് ജില്ലാ സെക്രട്ടറി അഖിലേഷ് കുമാർ.എം,ഗാന്ധി ദർശൻ സമിതി സംസ്ഥാന ട്രഷറർ പി.എസ്. മുരളീധരൻ,ഗാന്ധി ആശ്രമം സപ്പോർട്ട് ഗ്രൂപ്പ് അംഗം രാമചന്ദ്രൻ.പി.റ്റി, ലക്ഷ്മി പത്മനാഭൻ, ഗിരീഷ് കുമാർ.ടി.എം, ലക്ഷ്മി.പി. കെ,ഡോ. പി.റ്റി.ശ്രീകുമാർ, ഇ.ടി.മുരളീധരൻ,പി.എൻ. പീതാംബരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.മാധവൻ പുറച്ചേരിയുടെ ‘ഉച്ചിര’ എന്ന കൃതിക്കാണ് ഇരുപത്തിയെട്ടാമത് മഹാകവി പി സ്മാരക കവിതാ പുരസ്കാരം ലഭിച്ചത്. ജയകുമാർ ഐഎഎസ്, ഡോ. അംബികാസുതൻ മാങ്ങാട്, കവി ദിവാകരൻ വിഷ്ണുമംഗലം എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.മഹാകവി പി സ്മാരക ട്രസ്റ്റാണ് പുരസ്കാരം എർപ്പെടുത്തിയത്. പുരസ്കാരം 2025 മെയ് 28 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന 47ാമത് പി അനുസ്മരണ പരിപാടിയിൽ അവാർഡ് സമർപ്പണം നടത്തി.പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ്, വിദ്യാവാചാസ്പതി കെ.വി. കുഞ്ഞിരാമൻ മാസ്റ്റർ അവാർഡ്, കോറാട്ട് ലക്ഷ്മിക്കുട്ടിയമ്മ അവാർഡ്, ബി.സി.വി. ട്രസ്റ്റ് കവിതാ പുരസ്കാരം, പി.ടി.തങ്കപ്പൻ മാസ്റ്റർ സാഹിത്യ പുരസ്കാരം, എം.എം.സേതുമാധവൻ സ്മാരക പുരസ്കാരം, മഹാകവി കുട്ടമത്ത് അവാർഡ്, എൻ.വി.കൃഷ്ണവാരിയർ കാവ്യ പുരസ്കാരം, സഹോദരൻ പുരസ്കാരം, അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്കാരം, നിറവ് സ്മൃതി അവാർഡ്, രചന സാഹിത്യ പുരസ്കാരം,വയലാർ കാവ്യ പുരസ്കാരം, എഴുവന്തല ഉണ്ണികൃഷ്ണൻ സാഹിത്യ പുരസ്കാരം,പി.ആർ. കർമ്മചന്ദ്രൻ സ്മാരക പുരസ്കാരം,വേങ്ങാട് മുകുന്ദൻ സ്മാരക സാഹിത്യ പുരസ്കാരം, സാഹിത്യശ്രീ പുരസ്കാരം എന്നീ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post