എലപ്പുള്ളിയിലെ ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാനുള്ള അനുമതിയാണ് മദ്യ നിർമ്മാണ കമ്പനിക്ക് സർക്കാർ നൽകിയിരിക്കുന്നത് - അഡ്വ.പി.എ. പൗരൻ

 

പാലക്കാട്‌ :എലപ്പുള്ളി പഞ്ചായത്തിലെ ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാനുള്ള അനുമതിയാണ് എലപ്പുള്ളി മദ്യ നിർമ്മാണ കമ്പനിക്ക് സർക്കാർ നൽകിയിരിക്കുന്നത്. കഴിഞ്ഞ 25 വർഷക്കാലം ജനകീയാസൂത്രണം പറഞ്ഞ് നടന്ന സർക്കാർ ജനങ്ങളുടെ വിഭവങ്ങൾ കോർപ്പറേറ്റ് കമ്പനിക്ക് തീറെഴുതി കൊടുത്തിരിക്കുന്നുവെന്ന് എലപ്പുള്ളി ബ്രൂവറി വിരുദ്ധ സമര ഐക്യദാർഡ്യ സമിതി ചെയർമാൻ അഡ്വ. പി.എ. പൗരൻ അഭിപ്രായപ്പെട്ടു. എലപ്പുള്ളി പഞ്ചായത്ത് ആഫീസിന് മുന്നിൽ സംഘടിപ്പിച്ച എലപ്പുള്ളി ബ്രൂവറി വിരുദ്ധ സമര ഐക്യദാർഡ്യ സമിതിയുടെ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി കൃഷി ചെയ്യുന്ന കർഷകരെയും കർഷക തൊഴിലാളികളെയും തൊഴിൽ രഹിതരാക്കിയും മദ്യപ്പുഴയൊഴുക്കി സ്ത്രീകളെ കണ്ണീരിലാഴ്ത്തുകയും ചെയ്യുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

കെ -റെയിൽ പദ്ധതി പോലെ നിയമപരമായി നടപ്പിലാക്കാൻ കഴിയാത്ത ഈ പദ്ധതിക്ക് വേണ്ടി സർക്കാർ ഒത്താശ ചെയ്യുകയാണെന്നും പഞ്ചായത്തീരാജ് നിയമത്തിലെ ജനങ്ങളുടെ അധികാരം ഉപയോഗിച്ച് സർക്കാരിൻ്റെ നിയമവിരുദ്ധ നടപടിയെ തടയാൻ പൗരസമൂഹത്തിന് കഴിയണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ജനാധികാര ജനകീയ മുന്നേറ്റം സംസ്ഥാന ചീഫ് കോർഡിനേറ്റർ അഡ്വ. ജോൺ ജോസഫ് പറഞ്ഞു.

ബ്രൂവറി വിരുദ്ധ സമര ഐക്യദാർഡ്യ സമിതി ജനൽ കൺവീനർ പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായ സമ്മേളനത്തിൽ പാലക്കാടൻ കർഷക മുന്നേറ്റം ജില്ലാ സെക്രട്ടറി സജീഷ് കുത്തന്നൂർ, സവിതൃ മണ്ഡലം ഗായത്രി ഉപാസന കേന്ദ്രം ആചാര്യൻ സുധാകര ബാബു, ഹരിത ഡവലപ്മെൻ്റ് അസ്സോസിയേഷൻ ചെയർമാൻ ആറുമുഖൻ പത്തിച്ചിറ,ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി മോഹൻ കാട്ടാശ്ശേരി, തേജസ്സ് ട്രസ്റ്റ് ചെയർമാൻ കെ.എ.രാജേഷ് കുത്തനൂർ,ജോഷ്വാ ജൂബിലൻ്റ. പി.എ തുടങ്ങിയവർ പ്രസംഗിച്ചു.  

അസ്സഹനീയമായ ദുർഗന്ധം പരത്തുന്ന ഈ മദ്യക്കമ്പനി രാസമാലിന്യങ്ങളടങ്ങിയ 25 ലക്ഷം ടൺ വേസ്റ്റാണ് ഒരു വർഷം പുറന്തള്ളുകയെന്ന് ശാസ്ത്രീയ പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെന്നും പ്ലാച്ചിമട കൊക്കകോള കമ്പനിയുടെ 8 ഇരട്ടി വെള്ളം ഊറ്റിയെടുക്കുന്ന, 8 ഇരട്ടി മാലിന്യങ്ങൾ പുറംതള്ളുന്ന, വായു മലിനീകരണം നടത്തുന്ന ഈ കമ്പനി ജനങ്ങളുടെ ജീവിതം ദുരിത പൂർണ്ണമാക്കുമെന്ന് പഞ്ചാബിലെ അനുഭവങ്ങൾ വെളിപ്പെടുത്തുന്നുവെന്നും തുടർന്ന് സംസാരിച്ച നേതാക്കൾ പറഞ്ഞു.

Post a Comment

Previous Post Next Post