ചെട്ടികുളങ്ങര : കൊടുങ്ങല്ലൂരിൽ അമ്മയുമായി ചെലവഴിച്ച ശേഷം മടങ്ങിയെത്തുന്ന ഭഗവതിയെ സർവാഭരണ വിഭൂഷിതയായി കണ്ടു തൊഴാൻ ഓണാട്ടുകരക്കാർ കാത്തിരിക്കുന്ന സുദിനം നാളെ. ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ കാർത്തിക ദർശനം നാളെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ നടക്കും. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന ചെട്ടികുളങ്ങരയിലെ തിരുവാഭരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് ഹരിപ്പാട് നിന്നാരംഭിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ്, ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ എന്നിവയുടെ നേതൃത്വത്തിലാണു ഘോഷയാത്ര.
ചെട്ടികുളങ്ങര ദേവീ ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളിലെ വ്രതമെടുത്ത 65 പ്രതിനിധികൾ ഇന്നു വൈകിട്ട് 4നു ഹരിപ്പാടിനു പുറപ്പെടും. അവിടെ നിന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അജി കുമാറിൽ നിന്നും ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഭാരവാഹികളും കരനാഥന്മാരും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളും ചേർന്നു 4 തിരുവാഭരണ പേടകങ്ങൾ ഏറ്റുവാങ്ങും. തുടർന്നു പേടകങ്ങൾ തലയിലേന്തി കാൽനടയായി ചെട്ടികുളങ്ങരയിലേക്കു യാത്ര തുടങ്ങും.വിവിധ ക്ഷേത്രങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി രാത്രി 9നു ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ മണ്ഡപത്തിൽ എത്തിക്കുന്ന പേടകങ്ങൾ അവിടെ സൂക്ഷിക്കും.
നാളെ രാവിലെ 7നു ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഭാരവാഹികൾ തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി ശ്രീകോവിലിൽ എത്തിക്കും. ആഭരണങ്ങളെല്ലാം ചാർത്തിയ ശേഷം 9 മുതൽ കാർത്തിക ദർശനം തുടങ്ങും. രാവിലെ 7നു നടപ്പുര പഞ്ചവാദ്യം, 11 മുതൽ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അന്നദാനം, വൈകിട്ട് 4നു സോപാന സംഗീതം, 7നു ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അംഗീകരിക്കപ്പെട്ട 45 കുത്തിയോട്ട ആശാന്മാരും 3000 ചുവടുകാരും 1000 താനവട്ടക്കാരും പങ്കെടുക്കുന്ന കുത്തിയോട്ടം.
Post a Comment