മണ്ണാർക്കാട്: താലൂക്ക് ആശുപത്രിയിൽ പേവിഷ ബാധയ്ക്കെതിരായ ആന്റി റാബിസ് വാക്സിൻ (എ.ആർ.എസ്.) നൽകിത്തുടങ്ങി.കഴിഞ്ഞദിവസമാണ് ആരോഗ്യ വകുപ്പിൽനിന്നും എ.ആർ.എസ്. എത്തിച്ചത്. ചെറിയ പോറലുകൾക്കുള്ള ഐ.ഡി.ആർ.വി. (ഇൻട്രാ ഡെർമിനൽ റാബിസ് വാക്സിൻ ) മാത്രമാണ് ആശുപത്രിയിൽ ഇതുവരെ നൽകിവന്നിരുന്നത്.എ.ആർ.എസ് കുത്തിവെപ്പെടുക്കാൻ ജില്ലാ ആശുപത്രി, മഞ്ചേരി, തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രികളേയുമാണ് മണ്ണാർക്കാട്ടുകാർ ആശ്രയിച്ചിരുന്നത്.സാധാരണക്കാരായആളുകളെ ഇത് ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. വാഹനവാടക ചിലവിൽ വലിയതുക നൽകുന്നതിനുപുറമെ സമയനഷ്ടവും സഹിക്കേണ്ടിവന്നിരുന്നു. താലൂക്ക് ആശുപത്രിയിൽ എ.ആർ.എസ്. ലഭ്യമാക്കണമെന്ന ആവശ്യമുയരാൻ തുടങ്ങിയിട്ടും നാളുകളായി. ഇതിന്റെ അടിസ്ഥാനത്തിലും പേവിഷബാധയ്ക്കെതിരെ ഏറെ ജാഗ്രത വേണമെന്നതിനാലുമാണ് എ.ആർ.എസ്. എത്തിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സീമാമു പറഞ്ഞു. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം താലൂക്കിലെ മണ്ണാർക്കാട് നഗരസഭ, കാഞ്ഞിരപ്പുഴ, തച്ചനാട്ടുകര പഞ്ചായത്തുകൾ ഹോട്സ്പോട്ടാണ്. തെരുവുനായയുടെയും വളർത്തുമൃഗങ്ങളുടേയും ആക്രമണമേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്.കഴിഞ്ഞ രണ്ടുദിവസങ്ങളിൽ നാലുപേരാണ് തെങ്കര ഭാഗത്തുനിന്നും തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. താലൂക്കിൽ തെരുവുനായ ആക്രമണം തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ എ.ആർ.എസ്. എത്തിയത് ജനങ്ങൾക്ക് ആശ്വാസമേകുന്നു.കൂടാതെ തെരുവുനായ്ക്കളുടെയും വളർത്തുമൃഗങ്ങളുടെയും കടിയും പോറലുമേറ്റ് ചികിത്സതേടിയുള്ള ദീർഘയാത്രകൾക്കും പരിഹാരമായി.
Post a Comment