അണകെട്ടിൽ വെള്ളമില്ല;കനാൽ ജലവിതരണം പ്രതിസന്ധിയിൽ

 

കാഞ്ഞിരപ്പുഴ : കടുത്ത വേനലില്‍ കാഞ്ഞിരപ്പുഴ അണക്കെട്ടിലെ വെള്ളത്തിന്‍റെ നീരൊഴുക്ക് കുറഞ്ഞതോടെ കനാലിലൂടെയുള്ള ജലവിതരണം പ്രതിസന്ധിയിലായി.കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഇടതു-വലത് കനാലിലൂടെയുള്ള ജലവിതരണമാണ് തടസപ്പെടാൻ സാധ്യത.ഏകദേശം നൂറുകിലോമീറ്ററുകളോളം വരുന്ന കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഇടതു-വലത് കനാലിലൂടെ നിലവിലുള്ള അവസ്ഥയില്‍ 11 ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്തുള്ളത്.പരമാവധി 97.5 മീറ്റർ സംഭരണ ശേഷിയാണ് നിലവില്‍ അണക്കെട്ടിനുള്ളത്.

ഇതില്‍ ഏതാണ്ട് 10 മീറ്ററോളം ചെളി നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം 85 മീറ്ററായിരുന്നു ജലനിരപ്പ്.കഴിഞ്ഞ മൂന്നാഴ്ചയായി കടമ്ബഴിപ്പുറം, ശ്രീകൃഷ്ണപുരം, കടമ്ബൂർ, ഒറ്റപ്പാലം, ചളവറ, വല്ലപ്പുഴ, പട്ടാമ്ബി പഞ്ചായത്തുകളിലേയ്ക്ക് വെള്ളം തുറന്നുവിട്ടിരുന്നു. ഇതുവരേയും കനാലിന്‍റെ അവസാന ഭാഗങ്ങളില്‍ വെള്ളമെത്തിക്കാൻ കഴിഞ്ഞിട്ടില്ല. കനാല്‍ വെള്ളത്തെ ആശ്രയിച്ച്‌ പച്ചക്കറികൃഷിയും നെല്‍കൃഷിയും ചെയ്തവർ ആശങ്കയിലാണ്.മണ്ണാർക്കാട്, തെങ്കര പ്രദേശങ്ങളിലേക്കും നിയന്ത്രിത തോതില്‍ ജലവിതരണം നടത്തുന്നുണ്ട്.

കാടുപിടിച്ച്‌ കിടക്കുന്ന കനാലുകള്‍ വൃത്തിയാക്കാത്തതിനാല്‍ നല്ലൊരു ശതമാനം വെള്ളവും പാഴായി പോകുകയാണ്.മുൻ വർഷങ്ങളില്‍ തൊഴിലുറപ്പു തൊഴിലാളികള്‍ കനാലിന്‍റെ ഉള്‍ഭാഗത്തെ കാടുകള്‍ നീക്കംചെയ്തും ചെളികോരിയും വൃത്തിയാക്കി നീരൊഴുക്കിന്‍റെ തടസം നീക്കിയിരുന്നു. കടുത്ത വേനല്‍ തുടർന്നാല്‍ ഈ ആഴ്ചതന്നെ ജലവിതരണം നിർത്തേണ്ടി വരുമെന്നാണ് അധികാരികള്‍ പറയുന്നത്.ജലവിതരണം ഇടയ്ക്കുവച്ച്‌ നിർത്തിയാല്‍ പച്ചക്കറികൃഷികള്‍ ഉണങ്ങുമെന്നും കർഷകർക്ക് വൻ നഷ്ടമുണ്ടാകുമെന്നും കർഷകർ പറയുന്നു. നിയന്ത്രിത തോതിലെങ്കിലും വെള്ളം തുറന്നു വിടണമെന്നാണ്‌ കർഷകർ ആവശ്യപ്പെടുന്നത്.


Post a Comment

Previous Post Next Post