13 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ കോങ്ങാട് മാണിക്യശേരി സ്വദേശി 24 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു

 

പെരിന്തൽമണ്ണ : വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥയുടെ 13 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് കോങ്ങാട് മാണിക്യശേരി പാലാട്ടുപറമ്പിൽ വിനിഷമോളെ(24) യാണ് പെരിന്തൽമണ്ണ പോലീസ് ഇൻസ്‌പെക്ടർ എൻ എസ് രാജീവ് അറസ്റ്റ്‌ ചെയ്തത്.

ചെറുകര പുളിങ്കാവ് വായനശാലയ്ക്ക് സമീപത്തെ തപാൽവകുപ്പ് ജീവനക്കാരിയുടെ ആഭരണങ്ങളാണ് മോഷണംപോയത്. പലപ്പോഴായി തന്റെ 13 പവനോളം ആഭരണങ്ങൾ കാണാതായതായി കഴിഞ്ഞയാഴ്ചയാണ് പെരിന്തൽമണ്ണ പോലീസിൽ പരാതിനൽകിയത്. പ്രതിയും വീട്ടുടമസ്ഥയും നല്ല സൗഹൃദത്തിലായിരുന്നതിനാൽ വീട്ടിൽ കയറുന്നതിന് തികഞ്ഞ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഈ സൗഹൃദം മുതലെടുത്ത് അലമാരയിലും പെട്ടിയിലുമായി സൂക്ഷിച്ചിരുന്ന സ്വർണം പലപ്പോഴായി കൈക്കലാക്കി പാലക്കാടും പെരിന്തൽമണ്ണയിലുമായി വിൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരാതിയിൽ കേസെടുത്ത പോലീസിന്റെ അന്വേഷണം വിനിഷമോളിലേക്ക് നീളുകയും ചോദ്യംചെയ്യലിൽ കുറ്റം സമ്മതിക്കുകയുമായിരുന്നു. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പമാണ് ഇവർ വാടകവീട്ടിൽ താമസിച്ചിരുന്നത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



Post a Comment

Previous Post Next Post