രാമശ്ശേരി: ജില്ലയിലെ ലോക പ്രശസ്ത പൈതൃക ഉല്പന്നമായ രാമശ്ശേരി ഇഡ്ഡലിയെയും അതുണ്ടാക്കി ഉപജീവനം നടത്തുന്ന കുടുംബങ്ങളെയും അന്തസ്സോടെ നിലനിർത്താനായുള്ള സംരംഭക വികസന പദ്ധതിക്ക് തുടക്കമായി.രാമശ്ശേരി ഗാന്ധി ആശ്രമവും ഭക്ഷണ രംഗത്തെ വിദഗ്ധരും ചേർന്നാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.രാമശ്ശേരി ഇഡ്ഡലിയുടെ തനിമയും സാംസ്കാരിക പാരമ്പര്യവും നിലനിർത്തി കൊണ്ട് തന്നെ ഗുണമേന്മയോടെ ഉല്പാദന ശേഷി കൂട്ടുക, ആധുനിക വിപണന സംവിധാനം ഒരുക്കി മാന്യമായ വരുമാനം കുടുംബത്തിന് ഉറപ്പാക്കുക,വിദഗദ്ധ പരിശീലനവും സാമ്പത്തിക പിന്തുണയും നൽകി നല്ല സംരംഭകരാക്കി ഉയർത്തുക തുടങ്ങി ലക്ഷ്യങ്ങളോടെയാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളതെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന പ്രമുഖ ഫുഡ് സയൻറിസ്റ്റ് ശങ്കരൻ രാമമൂർത്തി പറഞ്ഞു.ഗാന്ധിജി വിഭാവനം ചെയ്ത പ്രാദേശിക സാമൂഹ്യ സാമ്പത്തിക വികസനം ലക്ഷ്യമാക്കിയുള്ള ഗാന്ധി ആശ്രമത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 100 ഇഡ്ഡലി കടകൾ സ്ഥാപിച്ചു കൊണ്ട് മൂന്ന് കോടി രൂപയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭൂദാന പദയാത്രയുടെ ചരിത്രം ഉറങ്ങുന്ന രാമശ്ശേരി പാവോടിയിലെ ന്യുശങ്കർ വിലാസിൽ കർഷകപ്രഭ സംസ്ഥാന അവാർഡ് ജേതാവ് പി. ഭുവനേശ്വരി പദ്ധതി ഉദ്ഘാടനം ചെയ്തു. ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായി.പ്രമുഖ ഫുഡ് സയൻ്റിസ്റ്റ് ശങ്കരൻ രാമമൂർത്തി പദ്ധതി വിശദീകരണം നടത്തി.ലീഡ് കോളേജ് ഡയറക്ടർ ഡോ.തോമസ് ജോർജ്, സി.എസ്.ആർ വിദഗ്ധൻ അരുൺ അരവിന്ദ്,നബാർഡ് മുൻ ചീഫ് ജനറൽ മാനേജർ ജെ.ജി. മേനോൻ,മുൻ അസി. ജനറൽ മാനേജർ രമേഷ് വേണുഗോപാൽ,വാട്ടർ മിഷൻ പാലക്കാട് കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ, സുധാകര ബാബു, ആർ.രാമദാസ്, സി.മുരുകേശൻ, സുരേഷ് ഷേണായ്, പ്രൊഫ.ലക്ഷ്മി പത്മനാഭൻ, രാധാകൃഷ്ണൻ രാമശ്ശേരി,ഉണ്ണിക്കുട്ടൻ മടച്ചിപ്പാടം,പി.എൻ.ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Post a Comment