പാലക്കാട്:കഥകൾ കണ്ണീരിൽ കുതിർത്തി മുളപ്പിച്ച മാന്ത്രികനാണ് എം.ടി. എന്ന് പ്രശസ്ത സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ പറഞ്ഞു.പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി,എം.ടിയുടെ തൊണ്ണൂറ്റിരണ്ടാം ജന്മദിനത്തിൽ സംഘടിപ്പിച്ച 'എം.ടി.പൂർണ്ണതയുടെ വാക്ക്' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്കുകളുടെ ലാളിത്യവും മിതത്വവും മൗനവും മുദ്രയാക്കിയ എംടിയുടെ കഥകൾ,അവയിലെ മൗലികത പഠിക്കപ്പെടേണ്ടതുണ്ട് എന്ന് മുണ്ടൂർ സേതുമാധവൻ വായനാലോകത്തെ ഓർമ്മിപ്പിച്ചു.
സുരേന്ദ്രൻ കുത്തനൂർ എഡിറ്റ് ചെയ്ത് കരിമ്പന ബുക്സ് പ്രസിദ്ധീകരിച്ച 'എം.ടി. കാലം സാക്ഷി'എന്ന പുസ്തകം വൈശാഖൻ പ്രകാശനം ചെയ്തു. പ്രൊഫ:പി.എ.വാസുദേവൻ പുസ്‌തകം ഏറ്റുവാങ്ങി.രഘുനാഥൻ പറളി പുസ്‌തകം പരിചയപ്പെടുത്തി സംസാരിച്ചു.എം.ടിയുടെ രചനകളെ ആസ്‌പദമാക്കി ഡോ: പ്രിയ ആർ., എൻ.എം.ജയരാജൻ, കെ.ആർ.പ്രദീപ് എന്നിവർ രചിച്ച 60 ചിത്രങ്ങളുടെ പ്രദർശനം 'എം.ടി. - വരകൾ വർണ്ണങ്ങൾ' എബി എൻ. ജോസഫ് ഉദ്ഘാടനം ചെയ്തു.ഡോ: പ്രിയ ആർ. കടലാസിൽ മഷി ഉപയോഗിച്ചും, കെ.ആർ.പ്രദീപ് കടലാസിൽ കരി ഉപയോഗിച്ചും എംടിയുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി രചിച്ച 16 ചിത്രങ്ങളും, എൻ.എം.ജയരാജൻ എംടിയുടെ നാലുകെട്ടിൻ്റെ അടിസ്ഥാനമാക്കി അക്രിലിക്കിൽ രചിച്ച 44 ചിത്രങ്ങളുമാണ് പ്രദർശനത്തിലുള്ളത്. പൊതുജനങ്ങൾക്കായി പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിലെ മറിയുമ്മ സ്‌മാരക സെമിനാർ ഹാളിൽ ജൂലൈ 22 വരെ പ്രദർശനം തുടരും.
Post a Comment