കല്ലടിക്കോട്:ഗ്രീൻ കരിമ്പ,ക്ലീൻ കരിമ്പക്കായി പ്രവർത്തിക്കുന്ന ഹരിതകർമസേനയ്ക്കെതിരെയും ഗ്രാമ പഞ്ചായത്തിന്റെ ശാസ്ത്രീയ മാലിന്യമുക്ത കർമ പദ്ധതിക്കെതിരെയും സമൂഹ മാധ്യമങ്ങളിൽ കൂടി നടക്കുന്ന വ്യാജ വാർത്തകളും സത്യ വിരുദ്ധ പ്രചാരണവും അപലപനീയമാണെന്ന് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ പറഞ്ഞു.മാലിന്യശേഖരണം നടത്തുന്നില്ലെന്ന് തെറ്റായി വ്യാഖ്യാനിച്ചാണ് പ്രചാരണങ്ങൾ.ഹരിത ചട്ടങ്ങൾ പാലിച്ച് പ്രവർത്തിച്ചു കൊണ്ടാണ് മാർച്ച് 24 ന് മാലിന്യ മുക്ത പദവി നേടിയത്.മുമ്പും പഞ്ചായത്തിന് അംഗീകാരം ലഭിക്കുകയുണ്ടായി.സമ്പൂർണ ശുചിത്വമെന്ന ലക്ഷ്യത്തിനായിനിരവധി പദ്ധതികളും പ്രവർത്തനങ്ങളുമാണ് ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കി വരുന്നത്.ഇക്കാര്യത്തിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്ന വീഡിയോ പ്രചരിപ്പിക്കുന്നവരോട് വിശദീകരണം ചോദിക്കും.ടി ബി ജംഗ്ഷനിൽ വാട്ടർ ടാങ്കിനു കീഴെ പാഴ് വസ്തുക്കൾ ശേഖരിച്ചു വച്ചു എന്നത് നേരാണ്.ടേക്ക് എ ബ്രേക്ക് പദ്ധതിക്കുള്ള കെട്ടിടവും ഇതിനായി ഉപയോഗിച്ചത് താൽക്കാലിക ആവശ്യത്തിനാണ്. ദുർഗന്ധമുള്ള മാലിന്യമോ, കുടിവെള്ളത്തിൽ കലരുന്ന വിധമോ അല്ല ഇതുള്ളത്.
എന്നാൽ ഇതിന്റെ മറപിടിച്ച് വ്യാജവാർത്തകളും നുണപ്രചാരണവും പടച്ചുവിടുന്നവർക്കെതിരേ ആവശ്യമെങ്കിൽ നിയമ നടപടിയെടുക്കും.സമ്പൂർണ മാലിന്യ മുക്ത നാടിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വലിയ തോതിലാണ് കർമ പദ്ധതി നടപ്പാക്കുന്നത്. പ്ളാസ്റ്റിക് മാലിന്യം ഉൾപ്പെടെ ശേഖരിക്കാൻ 17 വാർഡുകളിലായി 34 ഹരിത കർമസേന അംഗങ്ങൾ സജീവതയോടെ പ്രവർത്തിക്കുന്നുണ്ട്.പദ്ധതിക്കായി 20 ലക്ഷം രൂപ കൂടി അനുവദിക്കുകയുണ്ടായി.പാഴ് വസ്തുക്കൾ ശേഖരിക്കുക,അതത് കേന്ദ്രങ്ങളിൽ എത്തിക്കുക,തരംതിരിക്കുക, സംസ്കരിക്കുക,ക്ലീൻ കേരള കമ്പനിക്ക് കൈമാറുക തുടങ്ങി എല്ലാ പ്രവൃത്തികളും സ്ത്രീകളുടെ കൂട്ടായ്മയായ ഹരിതകർമസേന ഏറ്റെടുത്ത് നടത്തുന്നു. ഐ ആർ ടി സി നിശ്ചയിച്ച ഒരു ഉദ്യോഗസ്ഥയും ഇക്കാര്യത്തിമേൽനോട്ടം വഹിക്കുന്നുണ്ട്.പ്ലാസ്റ്റിക്കിന് പുറമെ പാഴ് വസ്തുക്കൾ ശേഖരിച്ചു വരുന്നു.വീടുകളിൽ സൂക്ഷിച്ചിട്ടുള്ള അജൈവ പാഴ്വസ്തുക്കളാണ് കൃത്യമായ ഇടവേളകളിൽ ശേഖരിക്കുന്നത്.ശേഖരിക്കുന്ന പാഴ് വസ്തുക്കൾ മിനി മെറ്റീരിയൽ കളക്ഷൻ കേന്ദ്രത്തിൽ എത്തിക്കുകയും അവിടെ നിന്ന് മെറ്റീരിയൽ കളക്ഷൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു.ഇതിൽ ഒന്നോ രണ്ടോ ദിവസത്തെ കാല താമസം വന്നിട്ടുണ്ടാകാം.എന്നാൽ ഓരോ വാർഡിലും വ്യവസ്ഥാപിതവും ക്രിയാത്മകവുമായ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്.ഇക്കാര്യം ആർക്കും നിഷേധിക്കാനാവില്ല.
ഇതിനു പുറമെ ബോട്ടിൽ ബൂത്ത്,വൈസ്റ്റ് ബിൻ എന്നിവ ഓരോ ജംഗ്ഷനിലും സ്ഥാപിക്കും.ഇപ്പോഴിതാ ഇ-മാലിന്യ ശേഖരണത്തിനൊരു കാമ്പയിൻ തന്നെ അവതരിപ്പിക്കുന്നുണ്ട്.കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും,മൊബൈൽ ഫോൺ,ഫാൻ,എ.സി.വാഷിങ് മെഷീൻ എന്നിവ ഹരിതകർമ സേന ശേഖരിക്കും.വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഇലക്ട്രോണിക് മാലിന്യം ശേഖരിക്കുന്ന പദ്ധതിക്കു ഉടൻ തുടക്കമാകും.മാലിന്യ പ്രശ്‌നം കേവലം പരിസ്ഥിതി പ്രശ്‌നം മാത്രമല്ല, ഗുരുതരമായൊരു പൊതുജനാരോഗ്യ പ്രശ്‌നം കൂടിയാണെന്ന് തിരിച്ചറിഞ്ഞ് മികച്ച ആസൂത്രണവും കാഴ്ചപ്പാടും പുലർത്തുന്ന കരിമ്പ ഗ്രാമ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ ചിലർ നടത്തുന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കലുകൾ മാത്രമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Post a Comment