മണ്ണാർക്കാട് :പ്രസവത്തിനുശേഷം അമ്മയുടെയും കുഞ്ഞിന്റെയും സമ്പൂർണ പരിചരണത്തിനായി മെഡിവ പ്രസവ ശുശ്രൂഷ കേന്ദ്രം കാരാകുറുശ്ശി-അയ്യപ്പങ്കാവിൽ പ്രവർത്തനം ആരംഭിച്ചു.കാരാകുറുശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പ്രേമലത ഉദ്ഘാടനം ചെയ്തു.മൊയ്തീൻ കുട്ടി അധ്യക്ഷനായി.ഗർഭകാലം പോലെ തന്നെ ശാരീരികമായും മാനസികമായും വെല്ലുവിളികൾ നിറഞ്ഞ പ്രസവ ശേഷമുള്ള ദിവസങ്ങളിൽ അമ്മയുടെയും കുഞ്ഞിന്റെയും പരിചരണം ഏറെ പ്രധാനമാണ്.ശാരീരിക സ്ഥിതിക്ക് യോജിച്ച ഔഷധപ്രയോഗങ്ങളും പ്രത്യേകം പരിചരണവും നൽകുന്നതിലൂടെ ആരോഗ്യം വീണ്ടെടുക്കാനുള്ള പ്രത്യേക പാക്കേജ് ആണ് ഈ കേന്ദ്രത്തിലുള്ളത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെയും തുടർന്നുള്ള ജീവിതത്തെയും അനുകൂലമായോ പ്രതികൂലമായോ സ്വാധീനിക്കാൻ പോകുന്നത് പ്രസവാനന്തര സമയത്തെ ജീവിതരീതികളാണ്.അതിനു സഹായകമായ പ്രത്യേകതരം ആഹാരവും ജീവിതരീതിയും ഔഷധ സേവയും,യോജിച്ച വ്യായാമവും ഉൾക്കൊള്ളുന്നതാണ് മെഡിവയിലെ ശുശ്രൂഷാരീതികൾ.പ്രസവത്തോടെ ദുർബലമായ ശരീരത്തിന്റെ ബലം വീണ്ടെടുക്കുക, പ്രസവത്തെ തുടർന്നുണ്ടായ വിവിധ വേദനകളെ ഇല്ലാതാക്കുക, രോഗാണുബാധ തടയുക, ശരീരം ആരോഗ്യ പൂർവസ്ഥിതിയിലേക്ക് എത്തുന്നതിന് സഹായിക്കുക, മുലപ്പാലിന്റെ ശരിയായ അളവിലുള്ള ഉത്പാദനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളാണ് പ്രസവാനന്തര ശുശ്രൂഷയ്ക്കുള്ളത്.ആയുർവേദവും യൂനാനിയും സമന്വയിച്ചുള്ള ഏഴ്, പതിനാല്,ഇരുപത്തി ഒന്ന്, മുപ്പത്,നാല്പത് ദിവസത്തെ പാക്കേജ് ഒരുക്കിയതായി മുഖ്യ ചുമതലയുള്ള ചീഫ് ആയുർവേദിക് കൺസൾട്ടന്റ് ഡോ.സലീഖ ഫർസാന പറഞ്ഞു.ഡോ.അസ്ഹറുദ്ദീൻ,ഡോ. സിയാദ്,റസാഖ് മൗലവി,അഡ്വ.മജീദ്,ദിവാകരൻ മാഷ്,ടി.രാമചന്ദ്രൻ മാഷ്,രാധാരുക്‌മിണി,ലക്ഷ്മിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.
Post a Comment