മണ്ണാർക്കാട് :കച്ചേരിപ്പറമ്പ് പാറപ്പുറം കേന്ദ്രീകരിച്ച് സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലയിൽ പ്രവർത്തിക്കുന്ന അക്ഷരം വായനശാല പുതിയ വാടക കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനവും എട്ടാം വാർഷികവും, വിപുലമായ പരിപാടികളോടെ നടത്തി.ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു. അക്ഷരം വായനശാല ചെയർമാൻ ടി.ആർ. തിരുവിഴാംകുന്ന് അധ്യക്ഷനായി.
കൺവീനർ ഇ.സ്വാമിനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു.കുട്ടികൾക്കും മുതിർന്നവർക്കും വായന പോലെ മാനസിക വികാസം നൽകുന്ന മറ്റൊന്നില്ല.ഓരോ വീട്ടിലെയും കുടുംബിനികൾ കുട്ടികളെ ചെറുപ്പത്തിൽ തന്നെ വായനയിലേക്ക് കൊണ്ടു വരുന്നതിന് പ്രത്യേകം ഉത്സാഹിക്കണം. മാനസികോല്ലാസത്തിനായി കുട്ടിക്കാലം മുതൽക്കേ വായിക്കുന്നവർ പിൽക്കാലത്ത് വൈജ്ഞാനിക സാമൂഹിക സംസ്ക്കാരിക രംഗത്ത് മികച്ച പ്രകടനം കാഴ്ച വെക്കുന്നതായാണ് കണ്ടിട്ടുള്ളത്.ഓരോ നാട്ടിലെയും ഗ്രന്ഥാലയങ്ങള്‍ പുസ്തക സൂക്ഷിപ്പ് പുരകള്‍ മാത്രമല്ല,വിനോദ-വിജ്ഞാന കൈമാറ്റത്തിന്റെയും സാമൂഹ്യ നന്മയുടെയും ഇടങ്ങൾ കൂടിയാണെന്നും പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ വീടിന്റെ അന്തരീക്ഷത്തിൽ തന്നെ വായനശാലയും പഠനാന്തരീക്ഷവും ഉറപ്പാക്കുന്ന രീതിയിലാണ് അക്ഷരം വായനശാല പുതിയ രീതിയിൽ ക്രമീകരിച്ചിട്ടുള്ളത്. നൃത്തനൃത്യങ്ങൾ, കൈകൊട്ടിക്കളി,നാടൻ പാട്ട്,ചെത്തല്ലൂർ മേളം മ്യൂസിക് കരോക്കെ ഗാനമേള തുടങ്ങിയ പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. കലാസാംസ്കാരിക രംഗങ്ങളിൽ മികവു തെളിയിച്ച പ്രതിഭകളെ പൊന്നാട അണിയിച്ചും മെമെന്റോ നൽകിയും ആദരിച്ചു. സമൂഹത്തിന്റെ വിവിധ തുറയിലുള്ളവർ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്തു.കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾ അരങ്ങേറി.വാർഡ് മെമ്പർ അശ്വതി.പി,കെ.ടി. അബ്ദുള്ള,ഉണ്ണി കൃഷ്ണൻ,ശിവപ്രസാദ് പാലോട്,അബ്ദുള്ള മാസ്റ്റർ,കേശവൻ മാസ്റ്റർ, സി.എസ്.ജയരാജ്,ഡോ.ടി.പി.ഷിഹാബുദ്ദീൻ, തുടങ്ങിയവർ സംസാരിച്ചു.അക്ഷര വായനശാല ജോ.സെക്രട്ടറി എബി മോൻ സ്വാഗതവും ലൈബ്രേറിയൻ കൗസല്യ.ടി നന്ദിയും പറഞ്ഞു.

Post a Comment