മണ്ണാർക്കാട് താലൂക്കിൽ 34ദിവസത്തിനിടെ 12 തീപിടിത്തം

 

മണ്ണാർക്കാട് : വേനലിന്റെ തുടക്കത്തിലേ ചൂട് കൂടിയതോടെ മണ്ണാർക്കാട് താലൂക്കിന്റെ വിവിധയിടങ്ങളിൽ തീപിടിത്തങ്ങളും തുടങ്ങി. സ്വകാര്യതോട്ടങ്ങളിലെയും ആളൊഴിഞ്ഞ പറമ്പുകളിലെയും അടിക്കാടുകൾക്കാണ് തീപിടിക്കുന്നത്. ജനുവരി ഒന്നുമുതലുള്ള 34 ദിവസത്തിനിടെ മണ്ണാർക്കാട് അഗ്നിരക്ഷാനിലയത്തിന്റെ പരിധിയിൽ ചെറുതും വലുതുമായ 12 തീപിടിത്തങ്ങളാണുണ്ടായത്.വെയിലിന്റെ ചൂടിനൊപ്പം തീപിടിത്തങ്ങൾ വർധിക്കുന്നതിനാൽ അഗ്നിരക്ഷാസേനാംഗങ്ങൾക്ക് വിശ്രമമില്ലാത്ത ജോലിയിലേർപ്പെടേണ്ടിവരുന്ന അവസ്ഥയാണ്. വനാതിർത്തികളിൽ തീപിടിത്തമുണ്ടായാൽ അണയ്ക്കുക ഏറെ ശ്രമകരവുമാണ്. കഴിഞ്ഞദിവസം നഗരത്തിന് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പിലുണ്ടായ തീപിടിത്തം സേന അണച്ചത് രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിലാണ്. നിരവധി വ്യാപാരസ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് തീ പടരാതിരുന്നത് ഭാഗ്യവശാലാണ്. നിർത്തിയിട്ട വാഹനങ്ങളും ഏറെയുണ്ടായിരുന്നു പരിസരത്ത്.റോഡരികിലും തോട്ടങ്ങൾക്കരികിലുമുള്ള അടിക്കാടുകൾ നീക്കം ചെയ്ത് അശ്രദ്ധമായി കത്തിക്കുന്നതും തീപ്പിടിത്തത്തിന് കാരണമാകുന്നുണ്ട്. ഇതിനാൽ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പ്രദേശത്തെ ക്ലബ്ബുകളിലും മറ്റും ബോധവത്കരണക്ലാസുകൾ നടത്തുന്നുണ്ട്. തീപിടിത്തം തടയാനും തീപിടിത്തമുണ്ടായാൽ ശ്രദ്ധിക്കേണ്ട മുൻകരുതലുകളെപ്പറ്റിയുമാണ് നിർദേശങ്ങൾ നൽകുന്നത്.കാറ്റുള്ളപ്പോൾ പൊതുസ്ഥലങ്ങളിലും മറ്റും തീയിടരുത്, കരിയിലകൾ തണുപ്പുള്ള സമയങ്ങളിൽ കത്തിക്കുക. വീട്, ഷോപ്പ്, വ്യാപാരസമുച്ചയങ്ങൾ, തോട്ടങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയ്ക്ക് ചുറ്റും 15 അടി അകലത്തിൽ ചെടികളും കരിയിലകളും മാറ്റി അഗ്നിപ്രതിരോധരേഖ തീർക്കണം. തോട്ടത്തിലെ പുല്ലു വെട്ടിമാറ്റി സുരക്ഷിതമാക്കാൻ തോട്ടം ഉടമകൾ ശ്രദ്ധിക്കണം. വൈദ്യുതലൈനുകളിൽ മരച്ചില്ലകൾ തട്ടിയിട്ടില്ലെന്ന് ഉറപ്പുവരുത്തണം. അത്തരത്തിൽ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കെ.എസ്.ഇ.ബി. അധികൃതരെ വിവരം അറിയിക്കണം. ആൾത്താമസമുള്ള സ്ഥലങ്ങൾക്കു സമീപം ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളുണ്ടെങ്കിൽ ഉടമയെ വിവരമറിയിച്ച് പുല്ലും കാടും നീക്കം ചെയ്യാനാവശ്യമായ നിർദേശം നൽകണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥിരം തീപിടിത്തമുണ്ടാകുന്ന സ്ഥലങ്ങളിൽ അടിക്കാടുകൾ വെട്ടിമാറ്റി മുൻകരുതൽ സ്വീകരിക്കണം. പൊതുസ്ഥലങ്ങളിൽ സിഗരറ്റ് കുറ്റികൾ വലിച്ചെറിയരുത്‌. പൊതുസ്ഥലങ്ങളിലെ പാചകം ഒഴിവാക്കണം. തീപിടിത്തമുണ്ടായാൽ ഉടൻ 101 എന്ന നമ്പറിൽ സമീപത്തെ അഗ്നിരക്ഷാനിലയത്തിൽ വിവരം അറിയിക്കണം.


Post a Comment

Previous Post Next Post